കൊല്ലം: കലോത്സവ വേദിയിലേയ്ക്ക് വയനാട് പിണങ്ങോട്ടുകാരി സ്നേഹ പ്രഭയെ എത്തിച്ചതിന് പിന്നിൽ സ്നേഹക്കരുത്തുണ്ട്. മോഹിനിയാട്ടത്തിൽ ഉർവശിയായും അർജ്ജുനനായും പകർന്നാടാൻ സാധുക്കൂട്ടം സമ്പാദ്യപ്പെട്ടിയിൽ നിന്ന് ഒരുവിഹിതം മാറ്റിവച്ചു. കൂലിപ്പണിക്കാരനായ അച്ഛൻ ബാബുവിന്റെ സുഹൃത്തുക്കളായ 'ദാർവൻസ്' എന്ന സംഘത്തിലെ 11 പേരാണ് ചെലവിനുള്ള പണം നൽകിയത്.
ജില്ലയിൽ മോഹിനിയാട്ടത്തിന് ഒന്നാംസ്ഥാനം ലഭിച്ചപ്പോൾ സ്നേഹപ്രഭയുടെ ചിരിക്ക് പ്രഭയില്ലായിരുന്നു. അന്തിയുറങ്ങാൻ കൂരപോലുമില്ലാത്തവർക്ക് എങ്ങനെ അന്യനാട്ടിലെ കലോത്സവ വേദി സ്വപ്നം കാണാനാവും. '' ഞാൻ മത്സരിക്കുന്നില്ല അച്ഛാ''- ഉള്ളു പിടയുമ്പോഴും ചിരിച്ചെന്ന് വരുത്തി സ്നേഹ പ്രഭ പറഞ്ഞു. മകളെ മനസിലാക്കിയ അച്ഛൻ കൂട്ടുകാരോട് കാര്യം പറഞ്ഞു. കള പറിച്ചും കുഴിയെടുത്തും പണി ചെയ്യുന്ന ദാർവൻസ് സംഘാംഗങ്ങൾ പോംവഴി കണ്ടെത്തി. രണ്ട് മാസത്തെ തങ്ങളുടെ കൂലിയിൽ നിന്ന് ചെറുവിഹിതം മാറ്റിവച്ചു. ചിലർ കുടിയും വലിയും നിറുത്തി. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നവർ അതും ഒഴിവാക്കി. സ്വരൂപിച്ച പണം കൊടുത്ത് കൊല്ലത്തേയ്ക്ക് വണ്ടികയറ്റിവിട്ടു. അങ്കണവാടി തൊഴിലാളിയായ അമ്മ സബിതാ കുമാരി കുടുംബശ്രീയിൽ നിന്ന് എടുത്ത ലോൺ വച്ചായിരുന്നു നൃത്ത പരിശീലനം. വയനാട് ഡബ്ലിയൂ. ഒ.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് സ്നേഹ പ്രഭ. സഹോദരൻ ഡിഗ്രീ കമ്പ്യൂട്ടർ സയസ് വിദ്യാർത്ഥി അഭിൻ കൃഷ്ണ. കലാമണ്ഡലം രഞ്ജിത്താണ് ഗുരു.