
തിരുവനന്തപുരം: യു.കെയിലേക്ക് പഠനത്തിനും ജോലിക്കുമായി വരുന്ന മലയാളികൾ നിലവിലെ സാഹചര്യത്തെക്കുറിച്ച് ബോധവാൻമാരാകണമെന്ന് ലണ്ടനിലെ ക്രോയിഡൻ കൗൺസിലർ നിഖിൽ ഷെറിൻ തമ്പി. പ്രശ്നങ്ങളുണ്ടായാൽ സർക്കാർ സംവിധാനങ്ങളെ സമീപിക്കണം, ഇടനിലക്കാരെ ഒഴിവാക്കണം. അവധിക്ക് നാട്ടിലെത്തിയ തിരുവനന്തപുരം കവടിയാർ സ്വദേശി നിഖിൽ യു.കെ(ബ്രിട്ടൻ)യിലെ സാഹചര്യത്തെക്കുറിച്ച് മനസു തുറന്നു.
ബ്രെക്സിറ്റ്, കൊവിഡ്, യുക്രെയിൻ, ഇസ്രയേൽ യുദ്ധം എന്നിവ കാരണം യു.കെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. യു.കെയിലെ സാഹചര്യത്തെക്കുറിച്ചും ജീവിതച്ചെലവിനെക്കുറിച്ചും മനസിലാക്കിവേണം വിദ്യാർത്ഥികൾ എത്താൻ. ജോലി കിട്ടുമെന്ന് ഉറപ്പുള്ള കോഴ്സുകൾ മാത്രം തിരഞ്ഞെടുക്കണം. പഠനത്തിനായി വന്നാൽ അതിൽ മാത്രം ശ്രദ്ധിക്കണം. പാർട്ട്ടൈം ജോലിക്ക് മുൻഗണന നൽകരുത്. നിയമവിധേയമായി വരുന്നവർക്ക് യു.കെ മികച്ച രാജ്യമാണ്. ജോലി ലഭിക്കുന്ന കോഴ്സുകളെക്കുറിച്ച് സർക്കാരിന്റെ വെബ്സൈറ്റുകളിലുണ്ട്. സ്പോൺസർഷിപ്പ് ലൈസൻസുള്ള കമ്പനികളെക്കുറിച്ച് വെബ്സൈറ്റുകളിൽനിന്നറിയാം. പകരം ഇടനിലക്കാരെ സമീപിക്കുമ്പോൾ അവർ ഇത്തരം കാര്യങ്ങൾ മറച്ചുവയ്ക്കും. ഏതുവിധേനയും യു.കെയിൽ ജോലി നേടണമെന്ന് ആഗ്രഹിക്കുന്നവരാണ് പ്രശ്നങ്ങളിൽ ചെന്നുചാടുന്നതെന്ന് നിഖിൽ പറയുന്നു.
ഭാവിയിൽ എം.പിയാവണം
ക്രോയിഡൻ കൗൺസിലിലെ ഒാൾഡ് കോൾസ്ഡൺ വാർഡിനെ പ്രതിനിധീകരിക്കുന്ന കൺസർവേറ്റിവ് പാർട്ടി കൗൺസിലറാണ് ബ്രിട്ടീഷ് പൗരത്വമുള്ള നിഖിൽ. 2022ൽ കൗൺസിലറായ നിഖിലിന്റെ കാലാവധി 2026വരെ. വീണ്ടും മത്സരിക്കുന്നുണ്ട്. എം.പിയാവണമെന്നാണ് ആഗ്രഹം. യു.കെയിലെ നാഷണൽ ഹെൽത്ത് സർവീസിൽ സീനിയർ ബിസിനസ് ഇന്റലിജൻസ് മാനേജരായ നിവ്യ ഗീത മനോഹറാണ് ഭാര്യ. നാലുവയസുകാരി ജൊവാനാണ് മകൾ. തിങ്കളാഴ്ച നിഖിലും കുടുംബവും മടങ്ങും.