
ബോളിവുഡ് താരം ആമിർ ഖാന്റെ മകൾ ഇറ ഖാൻ വിവാഹിതയായത് ആഘോഷിക്കുകയാണ് ബി ടൗൺ. ഫിറ്റ്‌നസ് ട്രെയ്നറും ഇറയുടെ സുഹൃത്തുമായ നൂപുർ ശിഖരെയാണ് വരൻ. ഏറെ രസകരമായാണ് നൂപുർ വിവാഹവേദിയിൽ എത്തിയത്. ഷോർട്സും ബനിയനും ധരിച്ച് എട്ട് കിലോമീറ്റർ ജോഗ് ചെയ്താണ് നൂപുർ മുംബയ് താജ് ലാൻഡ്സ് എൻഡ് ഹോട്ടലിലെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്.
ലെഹങ്ക ബ്ളൗസിനും ദുപ്പട്ടയ്ക്കും ഒപ്പം പട്യാല പൈജാമയാണ് ഇറ ധരിച്ചത്. വിവാഹവേദിയിൽ നൂപുർ കുർത്തിയും ധരിച്ചിരുന്നു. ആമിറിന്റെ ആദ്യ പങ്കാളി റീന ദത്തയുടെയും രണ്ടാം പങ്കാളി കിരൺ റാവുവിന്റെയും കുടുംബാംഗങ്ങൾ വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു. ആമിർ ഖാന് റീന ദത്തയിൽ ജനിച്ച മകളാണ് ഇറ. വിവാഹത്തിന് മുന്നോടിയായി റീന ദത്തയുടെ വീട്ടിൽ ആഘോ പരിപാടികളും നടന്നിരുന്നു. രജിസ്റ്റർ വിവാഹത്തിന് ശേഷമാണ് വിവാഹ ചടങ്ങുകൾ നടത്തിയത്. കഴിഞ്ഞ സെപ്തംബറിൽ ഇറ്റലിയിലായിരുന്നു ഇറയും നൂപുറും തമ്മിലുള്ള വിവാഹ നിശ്ചയം. ജനുവരി മൂന്നിന് വിവാഹം കഴിക്കുമെന്ന് ഇറ നേരത്തെ പറഞ്ഞിരുന്നു. ഇത് ഞങ്ങള് ആദ്യമായി ചുംബിച്ച ദിവസം എന്ന് വിവാഹ തീയതി പങ്കുവച്ച് നുപൂർ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചിരുന്നു.