വെഞ്ഞാറമൂട്: ഒരിടവേളയ്ക്കു ശേഷം വെഞ്ഞാറമൂട്ടിൽ വീണ്ടും മോഷണവും തട്ടിപ്പും വ്യാപകമാകുന്നതായി പരാതി. ഒരാഴ്ചക്കുള്ളിൽ അഞ്ചോളം മോഷണവും തട്ടിപ്പുമാണ് നടന്നത്. എന്നാൽ മോഷ്ടാക്കളെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. പിടിക്കപ്പെടാതിരിക്കാൻ മുഖംമൂടി ധരിച്ചെത്തുകയോ സി.സി.ടി.വി ഹാർഡ് ഡിസ്ക് ഉൾപ്പെടെ മോഷ്ടിച്ചു കൊണ്ടു പോകുകയോ ആണ് മോഷ്ടാക്കളുടെ ഇപ്പോഴത്തെ രീതി.

ഒരാഴ്ച മുൻപ് കന്യാകുളങ്ങര പ്രവർത്തിക്കുന്ന പള്ളിക്കൽ റസ്റ്റോറന്റിൽ നിന്നും 6000 രൂപയും ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ഇറച്ചിയും മിനറൽ വാട്ടറുമാണ് മോഷ്ടിച്ചത്. അഞ്ച് ദിവസം മുൻപ് കീഴായിക്കോണം മസ്ജിദിലെ ഇമാമിന്റെ മുറിയുടെ വാതിലിന്റെ പൂട്ട് അറുത്ത് അകത്ത് കടന്ന മോഷ്ടാവ് ഏഴായിരം രൂപയും രണ്ട് കമീസുകളും മോഷ്ടിച്ചു. മൂന്ന് ദിവസം മുൻപ് നാഗരുകുഴിയിൽ ചോയ്സ് സൂപ്പർ മാർക്കറ്റിന്റെ ഷട്ടർ പൊളിച്ച് 20000 രൂപയും വില കൂടിയ സുഗന്ധ ദ്രവ്യങ്ങളും സി.സി.ടി.വി ഹാർഡ് ഡിസ്കും മോഷ്ടിച്ചു.

കഴിഞ്ഞ ദിവസം കഴായി കോണം ആയിരവില്ലി ക്ഷേത്രത്തിന്റെ ഓഫീസ് മുറിയിൽ സൂക്ഷിച്ചിരുന്ന സി.സി.ടി.വി മോണിറ്റർ, ഹാർഡ് ഡിസ്ക്, വെങ്കല വിളക്കുകൾ, വാർപ്പ്, തൂക്കുവിളക്കുകൾ, പൂജാതട്ടം, നിവേദ്യപാത്രം എന്നിവ മോഷ്ടാക്കൾ അപഹരിച്ചു. തൊട്ടടുത്ത കടയിൽ നിന്നും പറഞ്ഞുവിട്ടതെന്ന വ്യാജേന ആറ്റിങ്ങൽ റോഡിലെ പെട്രോൾ പമ്പിൽ നിന്നും മൂവായിരം രൂപ തട്ടിയെടുത്തതാണ് അവസാനത്തെ സംഭവം.

എല്ലാവരും പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ഇതുവരെയും പ്രതികളെ ആരെയും പിടിച്ചിട്ടില്ല. ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ ശേഖരിച്ച് അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു. സിസി ടിവി ഉൾപ്പെടെ നിരന്തരം മോഷണം നടക്കുന്ന സാഹചര്യത്തിൽ വ്യാപാരികൾ ഉൾപ്പെടെയുള്ളവർ ആശങ്കയിലാണ്.