കഥയില്ലാത്ത ലോകമില്ല സന്തോഷ് ഏച്ചിക്കാനത്തിന്. പക്ഷേ,​ കഥ 'അലർജിയാണ്' മകൻ മഹാദേവന്. സംഗീതമാണ് മഹാദേവന്റെ ലോകം. വീണയും വയലിനുമെല്ലാം വായിക്കും. തൃശൂ‌ർ വിവേകോദയം സ്കൂൾ വിദ്യാർത്ഥിയായ മഹാദേവൻ വായിക്കാറേയില്ലെന്ന് സന്തോഷ് ഏച്ചിക്കാനം. മകന് സയൻസാണ് ഏറെ ഇഷ്ടമെന്ന് അമ്മ ജെൽസ.

പഠിത്തം കഴിഞ്ഞാൽ കൂട്ടുകാരുമായി ചേർന്ന് മ്യൂസിക് ബാൻഡ് സൃഷ്ടിക്കണമെന്നാണ് മഹാദേവന്റെ മനസിൽ. ഇപ്പോൾ സ്കൂളിൽ സംഗീത കൂട്ടായ്മയുണ്ട്. അവരെല്ലാവരും നാളെ നടക്കുന്ന വൃന്ദവാദ്യ മത്സരത്തിനെത്തും. പ്ലസ് ടു പഠനം കഴിഞ്ഞ് ബാൻഡുമായി വേദികളിലെത്തണം. ആകം ബ്രാൻഡിനോടാണിഷ്ടം. പുതിയസംഗീത സംവിധായകരിൽ സുഷിൻ ശ്യാമിന്റെ ഫാനാണ്. പഴയ തലമുറയിലെ ജോൺസൽ മാഷിന്റെ സംഗീതത്തോടും ഏറെ ഇഷ്ടം.

വീണവായന മത്സരത്തിൽ മക്കൾ പങ്കെടുക്കുമ്പോൾ മറ്റ് രക്ഷിതാക്കൾക്കെല്ലാം ടെൻഷൻ. സന്തോഷ് അപ്പോഴും പരിചയക്കാരോട് കുശലം പറയുന്നു. '' നമ്മുക്കൊരു ടെൻഷനുമില്ല, കുട്ടികൾ മത്സരിക്കട്ടെ, എ ഗ്രേഡ് കിട്ടുന്നോ ബി ഗ്രേഡ് കിട്ടുന്ന എന്നൊന്നും നോക്കുന്നില്ല. കിട്ടിയില്ലെങ്കിൽ പിന്നെ അപ്പീലിലോട്ട് പോവുക അങ്ങനത്തെ പരിപാടിയൊന്നുമില്ല. ഇതൊരു വേദിമാത്രമല്ലേ

അവർക്കൊരു പ്രോത്സാഹനം അത്രേയേ ഉള്ളൂ'' സന്തോഷിന്റെ വാക്കുകൾ.

കുത്തിത്തിരിപ്പുകാരേ കുമ്പളങ്ങാപ്പായസം എടുക്കട്ടെ

ജനം വളരെ സമാധനമായിട്ട് ജീവിച്ചുപോകുമ്പോൾ കുത്തിത്തിരിപ്പുണ്ടാക്കി തമ്മിൽതല്ലിക്കുന്ന കൂട്ടർ പണ്ടേ ഉണ്ട്. ഇത്തരക്കാർക്ക് നല്ല വിദ്യാഭ്യാസവും കാണാൻ മോടിയുമൊക്കെയുണ്ടാകും. വകതിരിവ് പണ്ട് ശങ്കരാടി പറഞ്ഞതുപോലെ വട്ടപൂജ്യം. വിളയാട്ടം കൂടുതലും സമൂഹമാദ്ധ്യമങ്ങളിലാകും. ആ കൂട്ടത്തിൽപ്പെട്ട ചിലരാണ് കുറച്ചു നാൾ മുമ്പ് പഴയിടത്തിന്റെ സദ്യയിൽ ജാതിയും മതവും കണ്ടത്.

ഇനിയെങ്ങാനും ബിരിയാണി കിട്ടിയാലോ എന്നു കരുതി ചിലരൊക്കെ അതങ്ങ് കൊഴുപ്പിക്കുകയും ചെയ്തു. പക്ഷെ സപ്പോർട്ട് കിട്ടേണ്ട കേന്ദ്രങ്ങളിൽ നിന്ന് കിട്ടിയില്ല. വെജിറ്റേറിയൻ മതിയെന്ന നിലപാടിലേക്ക് സർക്കാരും എത്തി. ബിരിയാണി ചെമ്പിൽ തിളയ്ക്കാൻ വച്ച വെള്ളം അങ്ങ് വാങ്ങിവയ്ക്കേണ്ടി വന്നു. വിവാദം ഉണ്ടാക്കിയവരും അതിൽ ഒഴിക്കാൻ പെട്രോളു വാങ്ങാൻ പോയവരും ആ വഴി അങ്ങ് പോയി. പഴയിടം വീണ്ടും വന്നു. ''ഭക്ഷണത്തിൽ മതവും രാഷ്ട്രീയവും ഇല്ലന്നേ... മാംസഭക്ഷണം സൂക്ഷിക്കാനും വേവിക്കാനും താമസം. കേടാകാൻ സാദ്ധ്യത കൂടുതൽ. പറയുന്നതിലേറെ ആള് കഴിക്കാൻ വന്നാൽ കറി നീട്ടി കൊടുക്കാനുമാകില്ല''- കുമ്പളങ്ങപ്പായസം പകർന്ന് പഴയിടം പറഞ്ഞു.