
തിരുവനന്തപുരം: ഓരോ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വമ്പൻ ബ്രാൻഡെന്ന ലക്ഷ്യവുമായി പുതിയ പദ്ധതിക്ക് സംസ്ഥാന വ്യവസായ വകുപ്പ് തുടക്കമിടുന്നു. ഈ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 640 തദ്ദേശസ്ഥാപനങ്ങൾ അവരുടെ ഉത്പന്നങ്ങൾ തിരഞ്ഞെടുത്തു. ഉത്പന്നങ്ങളുടെ മൂല്യവർദ്ധന ഉറപ്പുവരുത്തി മികച്ച പദ്ധതിരേഖകൾ തയ്യാറാക്കുന്നവർക്ക് വ്യവസായവകുപ്പ് 50,000 രൂപ വരെ സഹായം നൽകുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ശില്പശാലകൾ സംഘടിപ്പിക്കും. ഇതോടൊപ്പം പൊതു, സ്വകാര്യ പങ്കാളിത്ത പദ്ധതികൾ വിജയകരമായി നടപ്പാക്കാനും ശില്പശാല ലക്ഷ്യമിടുന്നു.
പുതിയ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് പ്രാദേശിക ശില്പശാലകൾ സംഘടിപ്പിക്കുന്നതെന്ന് പി.രാജീവ് പറഞ്ഞു. പ്രാദേശിക സമ്പദ് വ്യവസ്ഥയും തൊഴിലവസരങ്ങളും വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ശില്പശാലകൾ ഈ മാസം 25 വരെ നടക്കും.
സംരംഭകർ നേരിടുന്ന വെല്ലുവിളികൾ, ആവശ്യങ്ങൾ തുടങ്ങിയവ ശില്പശാല ചർച്ച ചെയ്യും. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ജനപ്രതിനിധികൾ, മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥർ, നിലവിലുള്ള സംരംഭകർ, സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർ, പൊതുജനങ്ങൾ എന്നിവർക്ക് ശില്പശാലയിൽ പങ്കെടുക്കാം.
സംരംഭകവർഷം 2022-23 പദ്ധതിയുടെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പുരസ്കാരങ്ങൾ അടുത്ത മാസം വിതരണം ചെയ്യും
വ്യവസായ മന്ത്രി
പി.രാജീവ്