ss

അമ്മയാവാൻ പോകുന്നുവെന്ന സന്തോഷ വാർത്ത പങ്കുവച്ച് നടി അമല പോൾ. നിറവയർ ചിത്രം പങ്കുവച്ചുകൊണ്ടാണ് അമലയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ഭർത്താവ് ജഗദ് ദേശായിക്കൊപ്പമുള്ള ചിത്രവും പങ്കുവച്ചു.താരങ്ങൾ അടക്കമുള്ളവർ അമലയ്ക്ക് ആശംസകളുമായി എത്തി. 2023 നവംബറിൽ ആണ് അമല പോളും സുഹൃത്ത് ജഗദ് ദേശായിയും വിവാഹിതരായത്. അതേസമയം അമല പങ്കുവച്ച നിറവയർ ചിത്രങ്ങൾക്കുനേരെ വിമർശനങ്ങളും ഉയരുന്നു. ആദ്യം കുഞ്ഞ്, പിന്നെ വിവാഹം എന്നതാണോ ഇപ്പോഴത്തെ രീതി എന്ന് ചോദിച്ചകൊണ്ടുള്ള കമന്റുകളാണ് നിറയുന്നത്.

നേരത്തെ ബോളിവുഡ് താരം ആലിയ ഭട്ട് ഗർഭിണിയാണെന്ന് അറിയിച്ചപ്പോഴും സമാന രീതിയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. വിമർശകരുടെ വായടപ്പിക്കാൻ ആലിയ നേരിട്ട് വിശദീകരണം നൽകുകയും ചെയ്തു. എന്നാൽ അമല പോൾ കമന്റുകളെ തള്ളിയിരിക്കുകയാണ്. ഗുജറാത്ത് സ്വദേശിയായ ജഗദ് നോർത്ത് ഗോവയിലെ ആഡംബര ഹോംസ്റ്റേയുടെ ഹെഡ് ഒഫ് സെയിൽസ് ആയി ജോലി നോക്കുകയാണ്.

അമല പോളിന്റെ രണ്ടാംവിവാഹമാണ്. 2014 ൽ ആണ് സംവിധായകൻ എ.എൽ. വിജയ്‌യുമായുള്ള അമലയുടെ ആദ്യ വിവാഹം. 2017 ൽ ഇവർ വിവാഹമോചിതരായി. പിന്നീട് ഗായകനും മുംബയ് സ്വദേശി ഭവ്‌നിന്ദർ സിംഗുമായി താരം ലിവിങ് റിലേഷനിലായിരുന്നു. ഇരുവരും വിവാഹിതരായി എന്ന രീതിയിൽ വാർത്തകളും ചിത്രങ്ങളും പ്രചരിച്ചിരുന്നു.

എന്നാൽ തെറ്റായ ചിത്രങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ഭവ്‌നിന്ദർ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും ആരോപിച്ച് അമല രംഗത്തുവന്നിരുന്നു.