തിരുവനന്തപുരം: മുതലപ്പൊഴിയിലെ ഡ്രഡ്ജിംഗ് രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് കരാറുകാർക്ക് മന്ത്രി സജി ചെറിയാൻ നിർദ്ദേശം നൽകി. ഡ്രഡ്ജിംഗ് മാർച്ച് 31നകം പൂർത്തിയാക്കാൻ അദാനി ഗ്രൂപ്പിനോടും ആവശ്യപ്പെട്ടു. വേഗത്തിലാണ് അദാനി ഗ്രൂപ്പ് ജോലികൾ ചെയ്യുന്നതെന്നും ഫിഷറീസ്,ഹാർബർ എൻജിനീയറിംഗ് ഉദ്യോഗസ്ഥരും അറിയിച്ചു.അതേസമയം ,കല്ല് കൊണ്ടുപോകാനായി പൊളിച്ച പുലിമുട്ട് പുനഃസ്ഥാപിക്കാൻ ഫിഷറീസ് വകുപ്പിൽ ധാരണയായി. ഡ്രഡ്ജ് ചെയ്യുന്നതിനായി ദൈർഘ്യമേറിയ എക്സ്‌കവേറ്റർ, രണ്ടു രീതിയിലുള്ള ബാർജുകൾ എന്നിവ മുതലപ്പൊഴിയിൽ കഴിഞ്ഞ മാസം എത്തിച്ചിരുന്നു. മത്സ്യ ബന്ധന യാനങ്ങൾക്ക് പോയിവരുന്നതിന് തടസ്സം ഉണ്ടാക്കാത്ത വിധത്തിലാണ് ഡ്രഡ്ജിംഗ് ജോലികൾ.

ഡ്രഡ്ജിംഗ് കൂടുതൽ വേഗത്തിലാക്കും

ഡ്രഡ്ജിംഗ് കൂടുതൽ വേഗത്തിലാക്കണമെന്നും കഴിഞ്ഞ ദിവസം നടന്ന അദാനി ഗ്രൂപ്പുമായുള്ള അവലോകന യോഗത്തിൽ സജി ചെറിയാൻ പറഞ്ഞു. ഇനിയുള്ള ഓരോ ആഴ്ചയും പ്രവർത്തന പുരോഗതി വിലയിരുത്തണമെന്നും മന്ത്രി നിർദേശിച്ചു.

അശാസ്ത്രീയമായ നിർമാണത്തിന്റെ ഫലമായി മുതലപ്പൊഴി തുറമുഖത്തു മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞ ജൂലായ് 31നു മത്സ്യബന്ധന മന്ത്രി വിളിച്ച യോഗത്തിലെ തീരുമാനപ്രകാരമാണ് ജോലികൾ ചെയ്യുന്നത്. തെക്കേ പുലിമുട്ടിൽ ഗൈഡ് ലൈറ്റ് സ്ഥാപിച്ചു . ഇത് മത്സ്യയാനങ്ങൾക്ക് വഴികാട്ടിയാകും. 2021 ലെ ചുഴലിക്കാറ്റിൽ തകർന്ന തെക്കേ പുലിമുട്ടിലെ കല്ലുകളും ടെട്രാപോഡുകളും അഴിമുഖത്തു അടിഞ്ഞുകൂടി മത്സ്യയാനങ്ങൾക്ക് അപകടമാകുംവിധം തടസമായിരുന്നു. ഇതു നീക്കംചെയ്യാൻ 2023 മാർച്ചിൽ ഹാർബർ എൻജിനിയറിംഗ് വകുപ്പ് ടെൻഡർ ഉൾപ്പെടെ നടപടികൾ സ്വീകരിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് മന്ത്രിതല യോഗത്തിലെ നിർദേശ പ്രകാരം അദാനി ഗ്രൂപ്പ് ആദ്യം ഒരു മദ്ധ്യനിര ലോംഗ് ബൂം ക്രെയിൻ വിന്യസിച്ചു. തുടർന്ന് 210 അടി നീളമുള്ള ക്രെയിൻ കൂടി ലഭ്യമാക്കി. അഴിമുഖത്തുണ്ടായിരുന്ന 700 ഓളം കല്ലുകളും 140 ഓളം ടെട്രാപോഡുകളും നീക്കം ചെയ്തു.