kas

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ (കെ.എ.എസ്)​ രണ്ടാം ബാച്ചിൽ,​ ഐ.എ.എസ് മാതൃകയിൽ സ്റ്റേറ്റ് ഡെപ്യൂട്ടേഷൻ റിസർവ് തത്‌കാലം പൊതുമേഖലാസ്ഥാപനങ്ങളിൽ നിന്ന് മാത്രം മതിയെന്ന് സർക്കാർ തീരുമാനിച്ചു. കെ.എസ്.ഇ.ബി,​ കെ.എസ്.ആർ.ടി.സി അടക്കമുള്ള പൊതുമേഖലാസ്ഥാപനങ്ങളിൽ നിന്നായി സീനിയർ മാനേജർ തലത്തിലുള്ള 150 തസ്തികകൾ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതി കണ്ടെത്തി. ഇതിൽ അമ്പതോളം എണ്ണം ബി.ടെക് പോലുള്ള സാങ്കേതികയോഗ്യത പോസ്റ്റുകളാണ്. ഇവ ഡെപ്യൂട്ടേഷൻ റിസർവിൽ ഉൾപ്പെടുത്തണമോ വേണ്ടയോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്. മുഖ്യമന്ത്രിയുടേതാകും അന്തിമ തീരുമാനം. ഡെപ്യൂട്ടേഷൻ റിസർവ് രൂപീകരിക്കുന്നതിന് സ്‌പെഷ്യൽ റൂൾ ഭേദഗതി ചെയ്യുന്നതിനുള്ള പ്രാഥമിക നടപടികൾ തുടങ്ങി. ആറു മാസത്തിനുള്ളിൽ ഭേദഗതി കൊണ്ടുവരാനാണ് ശ്രമം.

കെ.എ.എസ് ആദ്യ ബാച്ചിൽ 29 വകുപ്പുകളിൽ നിന്നായി 105 പേരെയാണ് നിയമിച്ചത്. എട്ടുവർഷം ഇവർ ഇതേ പോസ്റ്റിൽ തുടരുമെന്നതിനാലാണ് ഐ.എ.എസ് മാതൃകയിൽ ഡെപ്യൂട്ടേഷൻ റിസർവ് കണ്ടെത്തി നിയമനത്തിന് സർക്കാർ തീരുമാനിച്ചത്. 105 കേഡർ തസ്തികകളുടെ മൂന്നിലൊന്ന് (35)​ ഡെപ്യൂട്ടേഷൻ റിസർവാക്കും. ഐ.എ.എസിൽ 25 ശതമാനമാണിത്. ഉദ്യോഗസ്ഥർ ഡെപ്യൂട്ടേഷനിൽ പോകുമ്പോൾ ഒഴിവുവരുന്ന തസ്‌‌തികകളിൽ കേന്ദ്രം നിയമനം നടത്തുന്ന രീതിയാണ് കെ.എ.എസിലും നടപ്പാക്കുക. നിലവിൽ കെ.എസ്.ആർ.ടിസിയിൽ നാല് കെ.എ.എസുകാരെ നിയമിച്ചിട്ടുണ്ട്.

 രണ്ടാം വിജ്ഞാപനം നീളുന്നു

കെ.എ.എസ് രണ്ടാം ബാച്ചിന്റെ വിജ്ഞാപനം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. പൊതുതിരഞ്ഞെടുപ്പിനു ശേഷമേ വിജ്ഞാപനം ഉണ്ടാവൂ എന്നാണ് സൂചന. കഴിഞ്ഞ നവംബർ ഒന്നിന് വിജ്ഞാപനം പുറപ്പെടുവിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. രണ്ടു വർഷത്തിലൊരിക്കൽ വിജ്ഞാപനം പ്രസിദ്ധീകരിക്കണമെന്നാണ് വ്യവസ്ഥയെങ്കിലും അതു നടന്നില്ല. സർക്കാർ ശുപാർശ നൽകിയില്ലെങ്കിലും പ്രതീക്ഷിത ഒഴിവുകൾ (ആന്റിസിപ്പേറ്ററി വേക്കൻസി) എന്ന പേരിൽ പി.എസ്.സിക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാം. പിന്നീട് ഒഴിവുകൾ വരുന്ന മുറയ്ക്ക് നിയമന നടപടികളിലേക്ക് പോകാനുമാകും.