ആറ്റിങ്ങൽ: വെളുത്തുള്ളി വില കൂടി കൂടി ത്രിബിൾ സെഞ്ച്വറിയിലേയ്ക്ക്. നിലവിൽ 280 മുതൽ 300 വരെയാണ് ചെറുകിട വില്പന വില. എറെ ഔഷദഗുണവും കറികൾക്ക് രുചിയും മണവും ഗുണവും നൽകാൻ ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു ഘടകമാണ് വെളുത്തുള്ളി. ഇന്ത്യയിൽ വെളുത്തുള്ളി ഉത്പാദിപ്പിക്കുന്നതിൽ ഭൂരിപക്ഷവും മദ്ധ്യപ്രദേശിലാണ്. പിന്നെ രാജസ്ഥാനിലും യു.പിയിലും. ദക്ഷിണേന്ത്യയിൽ ഊട്ടിയാണ് വെളുത്തുള്ളിയുടെ പ്രധാന കൃഷിയിടം. ഇവിടുത്തെ വിളവിന് എരിവ് കുടുതലാണന്നാണ് പൊതുവേ വിലയിരുത്തൽ. അത് കൊണ്ട് അതിന്റെ വിപണനവും ദക്ഷിണേന്ത്യ തന്നെയെന്നു പറയുന്നു. വെളുത്തുള്ളി വിപണന കേന്ദ്രത്തിൽ എത്തുന്നതിന് വിത്ത് പാകുന്നത് മുതൽ വിളവെടുപ്പുവരെ 8 മാസവും പിന്നെ സംസ്ക്കരണത്തിന് രണ്ട് മാസവും വേണം. അതിനാൽ ഒരു വിളവെടുപ്പ് നടത്തി മാർക്കറ്റിൽ എത്തുന്നത് വർഷത്തിൽ ഒരിക്കലായി മാറി. ഈ ഒറ്റക്കാര്യം കൊണ്ടു തന്നെ കൂടിയ വില വലുതായി ഇനി കുറയില്ലെന്നാണ് കച്ചവടക്കാരുടെ വാദം. കാലാവസ്ഥയും പ്രകൃതിയും കനിഞ്ഞാൽ ചോദിക്കുന്ന വില ലഭിക്കുമെന്നാണ് കർഷകന്റെ പ്രതീക്ഷ.