chenda

കൊല്ലം: തലയാട്ടി, ഈണത്തിനൊത്ത് അവർ ചെണ്ട കൊട്ടിയപ്പോൾ പരിമിതികൾ പമ്പകടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള ഉദ്ഘാടന വേദിയിലാണ് ഭിന്നശേഷി കുട്ടികൾ തായമ്പക കൊട്ടി വിസ്മയം തീർത്തത്. മത്സര ഇനം അല്ലെങ്കിലും ഗ്രേഡ് ലഭിക്കില്ലെങ്കിലും സ്റ്റേജിൽ നിന്ന് ഇറങ്ങിയപ്പോൾ മുതൽ കുട്ടികൾക്ക് മോഹം ' ഇനിയും പരിപാടികൾ ചെയ്യണം...ഒരു ട്രൂപ്പുണ്ടാക്കണം.' ഓട്ടിസമുള്ള അശ്വിനും കേൾവിക്കുറവ് ഉള്ള ജീവനും ആത്മവിശ്വാസം കൈമുതലായി. ഡൗൺ സിൻഡ്രോം, സെറിബ്രൽ പാൾസി എന്നിവ ബാധിച്ചവരും സംഘത്തിലുണ്ട്. കൊല്ലം ബി. ആർ.സിയുടെ കീഴിലുള്ള മങ്ങാട് കോയിക്കൽ ജി. എച്ച്.എസ്.എസിലെ മൂന്ന് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള കുട്ടികളാണ് വേദിയിലെത്തിയത്. ശിങ്കാരി മേളം ആണ് ചെയ്തത്. എട്ട് മിനിട്ടോളം എടുത്ത അവതരണത്തിൽ ഒരു വട്ടം പോലും താളം പിഴച്ചില്ല. ഒരു വർഷം മുമ്പാണ് സ്പെഷ്യൽ എഡ്യൂക്കേറ്റർ മിനിയുടെ നേതൃത്വത്തിൽ ചെണ്ട അഭ്യസിപ്പിച്ചത്. രഞ്ജിത്ത് രാമൻ കുളങ്ങര ആയിരുന്നു ഗുരു. കുട്ടികൾക്ക് എളുപ്പം വശത്താക്കാൻ പറ്റുന്ന ശിങ്കാരി മേളമാണ് പഠിപ്പിച്ചത്.