p

തിരുവനന്തപുരം:കാലാനുസൃതമായ മാറ്റങ്ങളിലൂടെ കേരളം സംരംഭക സൗഹൃദ സംസ്ഥാനമാവുകയാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.1000 സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ ഒരു ലക്ഷം കോടി രൂപ വാർഷിക വിറ്റുവരവുള്ള ബിസിനസുകളായി ഉയർത്താനാണ് മിഷൻ 1000 സംരംഭത്തിന് അംഗീകാരം നൽകിയത്. ആദ്യ ഘട്ടത്തിൽ, എം. എസ്. എം. ഇകളുടെ 88 അപേക്ഷകളാണ് തിരഞ്ഞെടുത്തത്. ഇവർക്ക് എല്ലാ സഹായങ്ങളും ഗവൺമെന്റ് ഉറപ്പു വരുത്തും.

മിഷൻ 1000 പദ്ധതിയുടെ ആദ്യഘട്ടവും സഹായത്തിന് അപേക്ഷിക്കാനുള്ള പോർട്ടലും മന്ത്രി ഉദ്ഘാടനം ചെയ്‌തു. 88 എം.എസ്.എം.ഇ യൂണിറ്റുകൾക്കുള്ള അംഗീകാരപത്രവും വിതരണം ചെയ്തു.

തെരഞ്ഞെടുക്കപ്പട്ട എം.എസ്.എം.ഇകളിൽ തൃശൂർ 22, ആലപ്പുഴ 14, വയനാട് 7 എന്നിങ്ങനെയുള്ള കണക്ക് പ്രതീക്ഷ നൽകുന്നതാണ്. അപേക്ഷ തള്ളിപ്പോയവർക്ക് ഒരിക്കൽ കൂടി അവസരമുണ്ടാവും. 250 പേരെയെങ്കിലും ഈ വർഷം സംരംഭകരെന്ന നിലയിൽ കൈ പിടിച്ചുയർത്താമെന്നാണ് പ്രതീക്ഷ. കൊച്ചിയിൽ ഐ .ബി. എം നടത്തിയ നിക്ഷേപത്തിലൂടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസടക്കമുള്ള മേഖലകളിൽ ഉയർന്ന വേതനം ലഭ്യമാകുന്ന തൊഴിലുകൾ ഉറപ്പാക്കുകയാണ്. എല്ലാ പഞ്ചായത്തിലും വ്യവസായ എസ്റ്റേറ്റ്, ഓരോ പഞ്ചായത്തിലും ഒരുൽപ്പന്നം, പഞ്ചായത്ത് തല സംരഭക സംഗമം എന്നിവ നടപ്പിലാക്കും.

രാജ്യത്തെ മെഡിക്കൽ ഉപകരണ കമ്പനിയുടെ 20 ശതമാനം കേരളത്തിലാണ്.ഫൈവ്,ഫോർ,ത്രീ സ്റ്റാർ ഹോട്ടലുകൾ കൂടുതലും കേരളത്തിലാണ്. എം. എസ് .എം .ഇ യൂണിറ്റുകൾക്ക് ബാങ്കുകൾ വർക്കിങ് ക്യാപ്പിറ്റൽ ലോൺ നൽകണം.ഇതിന് വ്യവസായ വകുപ്പ് ബാങ്കുകളുമായി ധാരണയുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.