കൊല്ലം: കോട്ടയം സ്വദേശിയായ അനന്തുവിന് കലോത്സവങ്ങളോട് സ്വന്തം മകളോടെന്ന പോലെയുള്ള സ്നേഹമുണ്ട്. ഭാര്യയെ പ്രസവക്കിടക്കയിലാക്കി കലോത്സവം കാണാൻ മുങ്ങിയ ചരിത്രത്തിനുടമ. അന്ന് കൈ ചുരുട്ടി ചിണുങ്ങിക്കരഞ്ഞ മകൾ അഞ്ജലി ഇന്നലെ എ ഗ്രേഡ് കൊണ്ട് അച്ഛന് സ്നേഹാർച്ചന ചെയ്തു.

2008ലാണ് ഭാര്യ മീനാക്ഷി പ്രസവിച്ച് രണ്ടാം ദിനം അനന്തു സ്കൂൾ കലോത്സവം കാണാൻ കൊല്ലത്തിന് വണ്ടികയറിയത്. ഭർത്താവിന്റെ 'അസുഖം' അറിയാവുന്ന മീനാക്ഷി പരിഭവിച്ചുമില്ല. അന്നേ അനന്തു സ്വപ്നം കണ്ടതാണ് മകളുടെ കലോത്സവ വേദി. അതിനായി ചെറുതിലേ നൃത്തം പരിശീലിപ്പിച്ചു. മോഹിനിയാട്ടത്തിൽ അധികം പ്രചാരത്തിൽ ഇല്ലാത്ത ഹിന്ദുസ്ഥാനി സംഗീതം പശ്ചാത്തലമായ ഭക്ത മീരയുടെ കഥയാണ് അവതരിപ്പിച്ചത്. എ ഗ്രേഡ് ലഭിച്ചപ്പോഴാണ് നൃത്ത വേഷത്തിൽ മകളുമായി ഉള്ള ആദ്യ ഫോട്ടോയും അനന്തു എടുത്തത്. നൃത്ത ഇനങ്ങളോടാണ് അനന്തുവിന് താത്പര്യം. വർഷം പറഞ്ഞാൽ കൃത്യമായി അന്ന് ഏത് ജില്ലയിലാണ് വേദിയെന്നും ഓരോ ഇനത്തിലും വിജയി ആരെന്നും ഞൊടിയിടയിൽ പറയും. സ്ഥിരമായി എത്തുന്ന കർട്ടൻ പണിക്കാരും മാധ്യമ പ്രവർത്തകരും അനന്തുവിന്റെ സുഹൃത്തുക്കളാണ്. പ്ലംബിംഗ് തൊഴിലാളിയാണ്. ഭാര്യ മീനാക്ഷിയ്ക്ക് തയ്യൽ ജോലിയാണ്. ഗുരു കലാമണ്ഡലം അക്ഷരയാണ്.