തിരുവനന്തപുരം: ഹിന്ദുധർമ്മ പരിഷത്തിന്റെ പന്ത്രണ്ടാമത് അനന്തപുരി ഹിന്ദുമഹാസമ്മേളനം പുത്തരിക്കണ്ടം മൈതാനത്ത് നാളെ ആരംഭിക്കുമെന്ന് പ്രസിഡന്റ് എം.ഗോപാൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.പുലർച്ചെ 5ന് ആരംഭിക്കുന്ന വിശ്വമംഗളമഹാഗണപതിഹോമത്തിന് സൂര്യകാലടിമന സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും.ശ്രീപത്മനാഭസ്വാമിക്ഷേത്രം തന്ത്രി തരുണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട് ഹോമകുണ്ഡത്തിൽ അഗ്നി തെളിക്കും.7ന് രാവിലെ 11.15ന് സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി ഭദ്രദീപം തെളിച്ച് അനുഗ്രഹപ്രഭാഷണം നടത്തും. അശ്വതി തിരുനാൾ ഗൗരിലക്ഷ്മിഭായി ഹിന്ദുമഹാസമ്മേളനം ഉദ്ഘാടനം ചെയ്യും. കുളത്തൂർ, അദൈത്വാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തും. ചെങ്കൽ എസ്. രാജശേഖരൻ നായർ അദ്ധ്യക്ഷത വഹിക്കും. 8ന് രാവിലെ 10ന് 'ശ്രീനാരായണഗുരു നവോത്ഥാനത്തിന്റെ പ്രവാചകൻ' പുസ്തകചർച്ച. വൈകിട്ട് 6ന് നടക്കുന്ന പൊതുസമ്മേളനം ഡോ.ഹരീന്ദ്രൻനായർ ഉദ്ഘാടനം ചെയ്യും. സാമൂഹ്യപരിവർത്തനം കേരളത്തിൽ എന്ന വിഷയത്തിൽ ഡോ.എൻ.ആർ.മധു, ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം കുമ്മനം രാജശേഖരൻ തുടങ്ങിയവർ സംസാരിക്കും. 9ന് രാവിലെ 10 ന് സെമിനാർ 'ഭാരതീയ സംഗീതവും ദേശീയതയും'. വൈകിട്ട് 6ന് പൊതുസമ്മേളനത്തിന് ഗുരുവായൂർ ക്ഷേത്രതന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ദീപപ്രോജ്വലനം നടത്തും. വൈകിട്ട് 6ന് നടക്കുന്ന പൊതുസമ്മേളനം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ ഉദ്ഘാടനം ചെയ്യും. 11ന് വൈകിട്ട് 4ന് പ്രഭാഷണം 'വസുധൈവ കുടുംബകം'. വൈകിട്ട് 6ന് പൊതുസമ്മേളനം മുൻ അംബാസഡർ ഡോ. ടി.പി.ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യും.
12ന് വൈകിട്ട് 6ന് നടക്കുന്ന സമാപന സമ്മേളനം ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള ഉദ്‌ഘാടനം നിർവഹിക്കും. ജനറൽ കൺവീനർ സുധകുമാർ,​ പബ്‌ളിസിറ്റി കൺവീനർ ആര്യനാട് സുഗതൻ,​ വൈസ് ചെയർമാൻ ജയശ്രീ ഗോപാലകൃഷ്‌ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.