തിരുവനന്തപുരം: രണ്ടാം കുട്ടനാട് പാക്കേജിന് കീഴിൽ 75 പ്രവൃത്തികൾക്കായി 100 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. പാടശേഖരങ്ങളുടെ നവീകരണത്തിനും പുറംബണ്ടുകൾ ബലപ്പെടുത്തുന്നതടക്കമുള്ള പ്രവൃത്തികൾക്കുമാണ് തുക അനുവദിച്ചത്. ബൈപ്പാസ് ചാലുകളിലൂടെയുള്ള നീരൊഴുക്ക് സുഗമമാക്കി കൃഷിക്ക് സഹായകമാക്കുന്നതിനും തുക വിനിയോഗിക്കുമെന്ന് മന്ത്രി പറഞ്ഞു. കർഷകരുടെ ഏറെ നാളായുള്ള ആവശ്യങ്ങളിലൊന്നായിരുന്നു പാടശേഖരങ്ങളുടെയും പുറംബണ്ടുകളുടെയും നവീകരണ പ്രവർത്തനങ്ങൾ. ഇതിനു പുറമേ ചാലുകളിൽ എക്കലും മണ്ണും അടിഞ്ഞു കൂടി നീരൊഴുക്ക് തടസപ്പെട്ടതും കർഷകർക്ക് തിരിച്ചടിയായിരുന്നു. 2020 സെപ്തംബറിലാണ് 2447.60 കോടിയുടെ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചത്.