
ശിവഗിരി: സർവ്വമത സമ്മേളന ശതാബ്ദി വർഷത്തിൽ നടന്ന ശിവഗിരി മഹാതീർത്ഥാടനം സർവ്വമത സമന്വയ വേദിയായി മാറിയെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. അടിമാലി, കുരിശുപാറ തിരുവല്ല ദേശങ്ങളിൽ നിന്നും വന്ന ശിവഗിരി തീർത്ഥാടകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതഭേദം കൂടാതെ ഹൈന്ദവ, ക്രൈസ്തവ, ഇസ്ലാം പ്രസ്ഥാനങ്ങൾ തീർത്ഥാടനത്തെ വരവേറ്റു. ഗുരുദേവന്റെ ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് . മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്നതിന്റെ സാഫല്യത, 91-ാമത് തീർത്ഥാടന വേളയിൽ ദർശിക്കാൻ സാധിച്ചതിൽ ശിവഗിരി മഠത്തിന് അതിയായ സന്തോഷമുണ്ടെന്നും സ്വാമി സച്ചിദാനന്ദ വിശദമാക്കി.
ഇന്ന് ധർമ്മ പതാക താഴ്ത്തിക്കൊണ്ട് ധർമ്മസംഘം ട്രസ്റ്റ്പ്രസിഡന്റ് തീർത്ഥാടന മഹാമഹത്തിന്റെ സമാപനം നിർവ്വഹിക്കും. ഗുരുദേവ ദർശനത്തിന്റെ മഹിമ ഉൾക്കൊണ്ട് സഹകരിച്ച എല്ലാവരോടും പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ഗുരുധർമ്മ പ്രചാരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി എന്നിവർ അഭിനന്ദനം രേഖപ്പെടുത്തി.
ഫോട്ടോ: അടിമാലി, കുരിശുപാറ തിരുവല്ല ദേശങ്ങളിൽ നിന്നും വന്ന ശിവഗിരി തീർത്ഥാടകരോട് സ്വാമി സച്ചിദാനന്ദ സംസാരിക്കുന്നു. സ്വാമി സുരേശ്വരാനന്ദ, സ്വാമി അംബികാനന്ദ എന്നിവർ സമീപം .