തിരുവനന്തപുരം: വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്ന ജോയിന്റ് കൗൺസിലിന്റെ 'വിശക്കരുതാർക്കും പദ്ധതി' മാതൃകാപരമാണെന്നും ജീവകാരുണ്യ പ്രവർത്തനങ്ങളിലെ പങ്കാളിത്തം ജനസേവനത്തിന്റെ ഉദാത്ത മാതൃകയാണെന്നും മുതിർന്ന സി.പി.ഐ നേതാവും മുൻ എം.പിയുമായ പന്ന്യൻ രവീന്ദ്രൻ അഭിപ്രായപ്പെട്ടു. കൊവിഡ് മഹാമാരിക്കാലത്ത് ജോയിന്റ് കൗൺസിൽ 'സാന്ത്വനം' എന്ന പേരിൽ ആരംഭിച്ച് ഇപ്പോഴും തുടരുന്ന 'വിശക്കരുതാർക്കും പദ്ധതി'യുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി ഓഫീസ് അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജോയിന്റ് കൗൺസിൽ ചെയർമാൻ കെ.ഷാനവാസ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.ഹരീന്ദ്രനാഥ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.ശ്രീകുമാർ, വി.കെ.മധു, ആർ.സിന്ധു, ജി.സജീബ്കുമാർ, ബീനാഭദ്രൻ, വി.ബാലകൃഷ്ണൻ, കെ.സുരകുമാർ, നോർത്ത് ജില്ലാ പ്രസിഡന്റ് സതീഷ് കണ്ടല, സൗത്ത് ജില്ലാ സെക്രട്ടറി വിനോദ് വി.നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി എസ്.സജീവ് സ്വാഗതവും 'സാന്ത്വനം പദ്ധതി'യുടെ കൺവീനർ എസ്.അജയകുമാർ നന്ദിയും പറഞ്ഞു.