
നെടുമങ്ങാട്: വഴയില -പഴകുറ്റി നാലുവരിപ്പാതയുടെ ഭാഗമായുള്ള മേൽപ്പാലം നിർമ്മിക്കാൻ പൈലിംഗ് നടക്കവെ, കെൽട്രോണിനു സമീപം കൂട്ടപ്പാറയിൽ പൈപ്പ് പൊട്ടി. കരകുളം പഞ്ചായത്ത് പൂർണമായും നഗരാതിർത്തി പ്രദേശങ്ങളിലും ശുദ്ധജല വിതരണം തടസപ്പെട്ടു. 300 എം.എം ഡി.ഐ പൈപ്പാണ് പൊട്ടിയത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു പൈപ്പ് തകർന്നത്. വെള്ളം കുത്തനെ ഉയർന്ന് തെങ്കാശി അന്തർ സംസ്ഥാന പാതയിൽ ഓടിക്കൊണ്ടിരുന്ന വാഹങ്ങൾക്ക് മീതെ പതിച്ചു. വിവരം അറിഞ്ഞയുടൻ ഉദ്യോഗസ്ഥർ പമ്പിംഗ് സ്റ്റേഷനിലെ വാൽവ് ഓഫാക്കി. പൈപ്പിൽ ശേഷിച്ച വെള്ളം കിള്ളിയാറ്റിലേയ്ക്ക് ഒഴുക്കി വിടുകയായിരുന്നു. അറ്റകുറ്റപ്പണി നടത്തി ശുദ്ധജല വിതരണം പുനരാരംഭിക്കാൻ മൂന്ന് ദിവസമെങ്കിലും വേണ്ടിവരുമെന്ന് വാട്ടർ അതോറിട്ടി നെടുമങ്ങാട് അസിസ്റ്റന്റ് എഞ്ചിനിയർ മഞ്ചുലാൽ 'കേരളകൗമുദി"യോട് പറഞ്ഞു. നെടുമങ്ങാട് സബ് ഡിവിഷൻ അസി.എക്സിക്യുട്ടീവ് എഞ്ചിനിയർ അജേഷ്, ഓവർസിയർ ആനന്ദ് എന്നിവരും സ്ഥലത്തെത്തി അറ്റകുറ്റപ്പണികൾക്ക് നേതൃത്വം നൽകുന്നുണ്ട്.
 കരകുളത്തിന്റെ ദാഹം തീർക്കാൻ
പദ്ധതിയുണ്ട്, കടലാസിൽ
നിലവിൽ, കരകുളം മേഖലയെ രണ്ടായി തിരിച്ച് ആഴ്ചയിൽ രണ്ടു ദിവസം എന്ന ക്രമത്തിലാണ് ജലവിതരണം നടത്തുന്നത്. ഏണിക്കര - വട്ടപ്പാറ, മുല്ലശ്ശേരി എന്നിങ്ങനെയാണ് മേഖല തിരിച്ചിട്ടുള്ളത്. പൈപ്പ് പൊട്ടലിന്റെ പശ്ചാത്തലത്തിൽ തുള്ളി വെള്ളത്തിനായി ജനം വട്ടം ചുറ്റുമെന്ന് ഉറപ്പാണ്. ബദൽ സംവിധാനവും സ്വീകരിച്ചിട്ടില്ല. കരകുളത്തെ പ്രത്യേക സാഹചര്യം മുൻനിറുത്തി അരുവിക്കര ജലസംഭരണിയിൽ നിന്നും 5 എം.എൽ.ഡി വെള്ളം അധികമായി എത്തിക്കുന്നതിന് വാട്ടർ അതോറിട്ടി ആവിഷ്കരിച്ച കുടിവെള്ള പദ്ധതിയുടെ ടെണ്ടർ നടപടി കടന്നിട്ടില്ല. വഴയില ജംഗ്‌ഷനിൽ ബൂസ്റ്റർ പമ്പും കല്ലയത്ത് റോ വാട്ടർ ടാങ്കും സ്ഥാപിച്ച് ശുദ്ധജല വിതരണം സുഗമമാക്കാനുള്ള പദ്ധതിയാണ് കടലാസിൽ ഉറങ്ങുന്നത്.ഒന്നര വർഷമായിരുന്നു നിർമ്മാണ കലാവധി. എട്ടര കോടിയോളം രൂപയാണ് ജലജീവൻ മിഷൻ ഈ പദ്ധതിക്കായി നീക്കി വച്ചിട്ടുള്ളത്.