ku

തിരുവനന്തപുരം: കേരള സർവകലാശാലാ വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിശ്ചയിക്കാൻ ഹൈക്കോടതിയുടെ അനുമതിയോടെ സെനറ്റ് യോഗം വിളിക്കുമെന്ന് വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മേൽ പറഞ്ഞു.

സെനറ്റ് പ്രതിനിധിയെ ഉടൻ നൽകാൻ ഗവർണർ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണിത്. സെനറ്റ് വിളിക്കാനുള്ള അധികാരം വി.സിക്കാണ്.

സെനറ്റിലേക്ക് ഗവർണർ നാല് വിദ്യാർത്ഥി പ്രതിനിധികളെ നാമനിർദ്ദേശം ചെയ്തതിനെതിരെ ഹൈക്കോടതിയിൽ കേസുണ്ട്. വാഴ്സിറ്റി ശുപാർശ ചെയ്ത തങ്ങളെ പരിഗണിച്ചില്ലെന്ന് കാട്ടി മറ്റ് 4 വിദ്യാർത്ഥികളാണ് കേസുകൊടുത്തത്. ആരെയും ശുപാർശ ചെയ്തിട്ടില്ലെന്ന് സർവകലാശാല ഹൈക്കോടതിയെ അറിയിക്കും. അതോടെ സെനറ്റിൽ 4 വിദ്യാർത്ഥികളെ ഗവർണർ നാമനിർദ്ദേശം ചെയ്തതിനുള്ള സ്റ്റേ നീങ്ങുമെന്നാണ് വാഴ്സിറ്റിയുടെ വിലയിരുത്തൽ. ഈ കേസ് പരിഗണിക്കുമ്പോൾ സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിശ്ചയിക്കാൻ സെനറ്റ് വിളിക്കുന്നതിൽ കോടതിയിൽ നിന്ന് വ്യക്തത തേടും. സെനറ്റിലേക്കുള്ള വകുപ്പ് മേധാവികളുടെ നാമനിർദ്ദേശത്തിനുള്ള പാനൽ വി.സി ഗവർണർക്ക് സമർപ്പിച്ചിട്ടുണ്ട്. 4ഡീൻമാരുടെ നാമനിർദ്ദേശത്തിന് ശുപാർശ നൽകിയിട്ടില്ല. മുൻപ് സിൻഡിക്കേറ്റംഗമായിട്ടില്ലാത്ത സീനിയർ ഡീൻമാരെയാണ് ശുപാർശ ചെയ്യേണ്ടത്.

അംഗങ്ങൾക്ക് 10 ദിവസം മുൻകൂറായി നോട്ടീസയച്ച് സെനറ്റ് വിളിക്കാൻ വി.സിക്ക് കഴിയും. ഇടത് അംഗങ്ങൾ പങ്കെടുത്തില്ലെങ്കിലും 25അംഗ ക്വോറം തികയ്ക്കാനാവും. അതിനാൽ സെർച്ച് കമ്മിറ്റി പ്രതിനിധിയെ തിരഞ്ഞെടുക്കാനാവും. മുൻപ് നാലു വട്ടം ഗവർണർ നിർദ്ദേശിച്ചെങ്കിലും ഇതിന് നടപടിയുണ്ടായിരുന്നില്ല. സെനറ്റ് പ്രതിനിധിയില്ലാതെ ഗവർണർ രൂപീകരിച്ച രണ്ടംഗ സെർച്ച് കമ്മിറ്റി ഹൈക്കോടതി തടഞ്ഞിരുന്നു. യു.ജി.സി ചട്ടപ്രകാരം സെർച്ച് കമ്മിറ്റി രൂപീകരിച്ച് വി.സി നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ഡോ.മേരി ജോർജ് നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

നിയമോപദേശം

തള്ളി വി.സി

ഗവർണറുടെ ചാൻസലർ പദവി നീക്കാനും സെർച്ച് കമ്മിറ്റിയിൽ 5 അംഗങ്ങളാക്കാനുമുള്ള ബില്ലുകൾ ഗവർണർ ഒപ്പിടാത്തതിനെതിരേ സുപ്രീംകോടതിയിൽ സർക്കാരിന്റെ കേസുള്ളതിനാൽ സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിശ്ചയിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് സ്റ്റാൻഡിംഗ് കൗൺസിലിന്റെ നിയമോപദേശം. ഇത് തള്ളിക്കളഞ്ഞാണ് സെനറ്റ് വിളിക്കാനുള്ള വി.സിയുടെ നടപടി.