
കാട്ടാക്കട: പൂവച്ചൽ കൊണ്ണിയൂരിൽ അമ്മയുടെ സഹോദരി ഒന്നര വയസുകാരനെ കിണറ്റിലെറിഞ്ഞു കൊന്നതിന്റെ ഞെട്ടലിലാണ് ഉറിയാക്കോട് സൈമൺ റോഡ് നിവാസികൾ. ബന്ധുക്കൾ എടുത്തുകൊണ്ട് നടക്കുന്ന ഒന്നരവയസുകാരന്റെ സുന്ദര മുഖം ഓർത്ത് അയൽപക്കത്തുള്ളവർ വിങ്ങിപ്പൊട്ടുകയാണ്. കുഞ്ഞിനെ ഇന്നലെ രാവിലെയും മറ്റ് കുട്ടികൾ സമീപത്തെ വീടുകളിൽ കളിക്കാനായി കൊണ്ടുപോയിരുന്നു.
ഉറിയാക്കോട് സൈമൺ റോഡിൽ വാടകയ്ക്ക് താമസിക്കുന്ന ശ്രീകണ്ഠൻ - സിന്ധു ദമ്പതികളുടെ മകൻ അനന്തനെയാണ് സിന്ധുവിന്റെ അനുജത്തി മഞ്ജു (36,ബിന്ദു) കിണറ്റിലെറിഞ്ഞ് കൊന്നത്. അനന്തനെ താൻ കിണറ്റിലിട്ട് കൊന്നുവെന്ന് മാനസികാസ്വാസ്ഥ്യമുള്ള മഞ്ജു പറഞ്ഞത് ആദ്യം വിശ്വസിക്കാനായില്ലെങ്കിലും നിമിഷങ്ങൾക്കുള്ളിൽ സംഭവം യാഥാർത്ഥ്യമാണെന്ന് പ്രദേശവാസികൾക്ക് ബോദ്ധ്യമായി.തൊട്ടിലിൽ ഉറങ്ങുകയായിരുന്ന കുഞ്ഞിന്റെ കൊലപാതകം അറിഞ്ഞതോടെ പ്രദേശവാസികളെല്ലാം ഈ വീട്ടിലേക്ക് ഓടിക്കൂടി.
ഇരുമ്പ് ഗ്രിൽ മാറ്റിയശേഷം കുട്ടിയെ മഞ്ജു കിണറ്റിലെറിയുകയായിരുന്നു. ഈ സംഭവം വീട്ടിലുണ്ടായിരുന്ന സിന്ധു അറിഞ്ഞില്ല. താൻ കുട്ടിയെ കിണറ്റിലെറിഞ്ഞെന്ന് മഞ്ജു തൊഴിലുറപ്പ് തൊഴിലാളികളോട് പറഞ്ഞെങ്കിലും ഇവർക്ക് വിശ്വസിക്കാനായില്ല. തുടർന്ന് മഞ്ജുവിനെ പണി സ്ഥലത്ത് ഇരുത്തിയശേഷം തൊഴിലാളികളിൽ ചിലർ ഇവരുടെ വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് സംഭവം സ്ഥിരീകരിച്ചത്.
തൊട്ടിലിൽ ഉറങ്ങുകയായിരുന്ന കുട്ടിയെ കാണാനില്ലെന്ന കാര്യം സിന്ധു അറിയുന്നതും അപ്പോഴായിരുന്നു. മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്ന മഞ്ജു വീടിന് പുറത്തിറങ്ങി തനിയെ സംസാരിച്ചു നടക്കുമായിരുന്നു. കടുത്ത മാനസികാസ്വാസ്ഥമാകാം കുഞ്ഞിനെ കൊല്ലാൻ കാരണമത്രേ. മൂന്ന് മാസം മുൻപും കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചിരുന്നതായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തതിൽ മഞ്ജു പറഞ്ഞതായി വിളപ്പിൽശാല പൊലീസ് പറഞ്ഞു.