
തിരുവനന്തപുരം: പി.ജി കോഴ്സുകളിലെ പ്രവേശനത്തിൽ തിരിമറി
കാട്ടുന്ന മെഡിക്കൽ കോളേജുകളിൽ 2വർഷം പ്രവേശനം തടയും. ക്രമക്കേടിലൂടെ പ്രവേശനം നേടിയ വിദ്യാർത്ഥിയെ പുറത്താക്കും. ഇതിന്റെ ഇരട്ടി സീറ്രുകൾ വരും വർഷങ്ങളിൽ കുറവു ചെയ്യും.
ഏകീകൃത കൗൺസലിംഗ് വഴിയല്ലാതെ ഒരു കോളേജിലും പ്രവേശനം പാടില്ല. മുഴുവൻ പി.ജി സീറ്റുകളിലും പ്രവേശനം മെരിറ്റിലാക്കി. നീറ്റ്, നെക്സ്റ്റ് പരീക്ഷകളുടെ സ്കോറിന്റെ അടിസ്ഥാനത്തിലുള്ള അഖിലേന്ത്യാ, സ്റ്രേറ്റ് മെരിറ്റ് ലിസ്റ്റുകളിൽ നിന്നായിരിക്കും ഇക്കൊല്ലം മുതൽ രാജ്യമാകെ പ്രവേശനം. എല്ലാ പി.ജി കോഴ്സുകളുടെയും ഫീസ് മുൻകൂട്ടി പ്രഖ്യാപിക്കണം. അല്ലെങ്കിൽ ആ സീറ്റുകൾ കൗൺസലിംഗിൽ നിന്ന് ഒഴിവാക്കും. ഇവയടക്കം കർശന വ്യവസ്ഥകളുൾപ്പെടുത്തി പി.ജി കോഴ്സുകളുടെ പുതുക്കിയ റഗുലേഷൻ ദേശീയ മെഡിക്കൽ കമ്മിഷൻ വിജ്ഞാപനം ചെയ്തു.
എല്ലാ പി.ജി വിദ്യാർത്ഥികളും ഗവേഷണത്തെക്കുറിച്ചുള്ള ഓൺലൈൻ കോഴ്സ് വിജയിച്ചിരിക്കണം. എത്തിക്സ് സർട്ടിഫിക്കറ്റ് കോഴ്സും വിജയിക്കണം. ക്ലിനിക്കൽ , ലബോറട്ടറി പ്രാക്ടീസ് അടക്കമുള്ള ഈ കോഴ്സ് വിജയിക്കാതെ പി.ജി പരീക്ഷയെഴുതാൻ അനുവദിക്കില്ല. ഏത് പി.ജി പഠനശാഖയിലുള്ളവരും ബേസിക് കാർഡിയാക് , അഡ്വാൻസ്ഡ് കാർഡിയാക് ലൈഫ് സപ്പോർട്ട് കോഴ്സുകൾ വിജയിച്ചിരിക്കണം. .അടിയന്തര സാഹചര്യത്തിൽ ജീവൻ രക്ഷിക്കാൻ എല്ലാ വിഭാഗം ഡോക്ടർമാരെയും പ്രാപ്തരാക്കുന്നതാണ് ഈ കോഴ്സുകൾ. മെഡിക്കൽ ഓഡിറ്റ്, മെഡിക്കൽ ലാ, ഹ്യൂമൻ ബിഹേവിയർ, ഫിനാൻസ്, അക്കൗണ്ട്സ് എന്നിവയും പരിശീലിക്കണം.
സംവരണം
പാലിക്കും
സംസ്ഥാനത്തെ സംവരണതത്വം പാലിച്ചായിരിക്കും കൗൺസലിംഗ്. നിലവിലെ സംവരണം തുടരും. ഒഴിവുണ്ടാവുന്ന സീറ്റുകളിലും പ്രവേശനം കേന്ദ്ര കൗൺസലിംഗ് വഴിയാകും. ഏകീകൃത കൗൺസലിംഗിൽ ഒരു മാസം കൊണ്ട് പ്രവേശനം പൂർത്തിയാക്കാം. ക്ലാസുകൾ നേരത്തേ തുടങ്ങാനുമാവും. കേന്ദ്ര, സംസ്ഥാന ക്വോട്ടകളിലേക്ക് ഒറ്റ രജിസ്ട്രേഷൻ മതിയാവും. എത്ര ഓപ്ഷൻ വേണമെങ്കിലും നൽകാം.
ക്രമക്കേട്
ഇല്ലാതാവും
പ്രവേശനത്തിലെ ക്രമക്കേട് ഇല്ലാതാവും
രാജ്യത്തെവിടെയും ഓപ്ഷൻ നൽകാം
സീറ്റുകൾ കാലിയാകുന്നത് ഒഴിവാകും
സ്വകാര്യ കോളേജുകളിലെ സീറ്റ്‌വിൽപ്പന ഇല്ലാതാവും
''100ശതമാനം സീറ്റുകളിലും പ്രവേശനം മെരിറ്റിലാവുന്നതോടെ രാജ്യത്ത് മെഡിക്കൽ പ്രവേശനത്തിലെ ക്രമക്കേട് പൂർണമായി തടയാനാവും. ''
-ഡോ.മോഹനൻ കുന്നുമ്മേൽ
ദേശീയ മെഡിക്കൽ കമ്മിഷൻ അംഗം