തിരുവനന്തപുരം: നിയന്ത്രണംവിട്ട സ്വകാര്യ ബസ് മതിലിൽ ഇടിച്ചുകയറി 10 യാത്രക്കാർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് 3.30ന് വെള്ളയമ്പലത്ത് കെൽട്രോൺ ജംഗ്ഷനുസമീപത്താണ് സംഭവം.കിഴക്കേകോട്ടയിൽനിന്ന് വഴയിലയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ജംഗ്ഷനിൽ സിഗ്നൽ ലൈറ്റ് തെളിഞ്ഞയുടൻ ഡ്രൈവർ പെട്ടെന്ന് ബസ് മുന്നോട്ട് എടുത്തതാണ് അപകടത്തിനിടയാക്കിയത്.ഇതോടെ നിയന്ത്രണംവിട്ട ബസ് മതിലിൽ ഇടിച്ചുകയറുകയായിരുന്നു. സംഭവസമയം ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു.വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയെത്തി യാത്രക്കാരെ പുറത്തെത്തിച്ച് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മുഖത്തും കൈകൾക്കുമാണ് ഭൂരിഭാഗം പേർക്കും പരിക്ക്.