
തിരുവനന്തപുരം: തൃശ്ശൂരിൽ ബി.ജെ.പി.യുടെ സ്ത്രീശക്തി റാലിയിൽ .പതിനായിരക്കണക്കിന് സ്ത്രീകളെ അണിനിരത്തിയ സംഘടനാ മികവിന് പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന ബി.ജെ.പി. അദ്ധ്യക്ഷൻ കെ.സുരേന്ദ്രനെ ആഹ്ളാദം അറിയിച്ചു.
ആദ്യമായി ലഭിച്ച നിയമസഭാപ്രാതിനിധ്യം നഷ്ടപ്പെടുത്തിയ നേതാവെന്ന വിമർശനത്തിൽ നിന്ന് കരുത്തുറ്റ സംഘടനാ സംവിധാനമൊരുക്കിയ പ്രസിഡന്റ് എന്ന ഖ്യാതിയാണ് ഇതിലൂടെ സംസ്ഥാന പ്രസിഡന്റിന് ലഭിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വാർത്താപ്രാധാന്യം ഏറെ നേടിയെങ്കിലും സുരേഷ് ഗോപിയെന്ന സൂപ്പർസ്റ്റാർ സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത് ബി.ജെ.പി.ക്ക് ക്ഷീണമുണ്ടാക്കിയിരുന്നു.. എന്നാൽ സ്ത്രീശക്തി റാലിയുടെ വിജയം അത് മറികടക്കുന്നതായിട്ടാണ് പാർട്ടിക്കുള്ളിലും പുറത്തുമുള്ള വിലയിരുത്തൽ . പ്രതീക്ഷിച്ചപോലെ സ്തീകളുടെ വൻ പ്രാതിനിദ്ധ്യം ഉറപ്പുവരുത്താനായത് ബി.ജെ.പിയിൽ വലിയ ഉണർവുണ്ടാക്കിയിട്ടുണ്ട്.
തിരുവനന്തപുരവുമായി താരതമ്യം ചെയ്താൽ തൃശ്ശൂരിൽ ബി.ജെ.പി.യുടെ സംഘടനാ സംവിധാനം കരുത്തേറിയതല്ല. അവിടെ രണ്ടാഴ്ച ക്യാമ്പ് ചെയ്താണ് സുരേന്ദ്രൻ മോദിക്ക് മുന്നിൽ സംഘടനാ നേതൃപാടവം പ്രകടമാക്കിയത്. .1200സ്ത്രീകളെ ഉൾപ്പെടുത്തിയ പ്രത്യേക ടീം,2600 പുരുഷൻമാരെ ഉൾപ്പെടുത്തി മറ്റൊരു ടീം. പുറമെ ആറ് ജില്ലാപ്രസിഡന്റുമാരുടെ നേതൃത്വത്തിൽ നൂറുപേരുടെ ഓരോ സ്പെഷ്യൽ ടീം. ഇവരെ നിയന്ത്രിച്ചാണ് വൻ റാലി സംഘടിപ്പിച്ചത്. പ്രൊഫഷണലുകൾ, സെലിബ്രിറ്റികൾ, വീട്ടമ്മമാർ. ജോലിക്കാർ, വിദ്യാർത്ഥിനികൾ തുടങ്ങി വിവിധ വിഭാഗങ്ങൾക്കായി പ്രത്യേകം സംഘടനാ ടീമുകളുണ്ടാക്കി. സംഘടനാ സംവിധാനം കുറഞ്ഞ ഗുരുവായൂരിലും ചാവക്കാടും സുരേന്ദ്രൻ നേരിട്ടിറങ്ങി ബൂത്ത് പ്രസിഡന്റുമാരെ രംഗത്തിറക്കി.റാലിയുടെ വിജയത്തിലൂടെ അടുത്ത തിരഞ്ഞെടുപ്പിൽ അണികളിൽ ജയപ്രതീക്ഷ പകരാനുമിടയാക്കിയെന്നാണ് പാർട്ടിയിലെ പൊതു വികാരം . മാത്രമല്ല
പരസ്യമായി തന്നെ തള്ളിപ്പറഞ്ഞ ശോഭാ സുരേന്ദ്രനെ അനുനയിപ്പിച്ചു. ഓരോരുത്തർക്കും ബി.ജെ.പി.തൃശ്ശൂർ പരിപാടിയിൽ കൃത്യമായ സ്‌പേസ് കൊടുത്തതും
ശോഭന,മിന്നുമണി,ബീനാക്കണ്ണൻ, മറിയക്കുട്ടി തുടങ്ങിയവരെ പങ്കെടുപ്പിച്ചതും നേട്ടമായി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ഉൾവലിഞ്ഞ സുരേന്ദ്രൻ സ്ഥാനമൊഴിയുമെന്നുവരെ അഭ്യൂഹങ്ങളുണ്ടായിരുന്നു.എന്നാൽ സുരേന്ദ്രനെ "ഫൈറ്റർ" എന്ന് വിളിച്ച മോദി സംഘടനാസംവിധാനത്തിൽ അത് കാണിക്കാനാണ് ഉപദേശിച്ചത്. അതിന്റെ റിസൾട്ടാണ് തൃശ്ശൂരിൽ കണ്ടത്. മേജർരവിയേയും ദേവനെയും വീണ്ടും പാർട്ടിയിൽ എത്തിച്ചും എ.കെ.ആന്റണിയെപ്പോലുള്ള കോൺഗ്രസ് അതികായന്റെ മകൻ അനിൽ ആന്റണിയെയും കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരന്റെ അടുത്ത അനുയായി സി.രഘുനാഥിനെയും പാർട്ടിയിലെത്തിച്ചും ഇതേമിടുക്കാണ് കാട്ടിയത്.ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ പാർട്ടിയെ സുരേന്ദ്രൻ തന്നെ നയിക്കുമെന്ന് ഇതിലൂടെ ഏറെക്കുറെ വ്യക്തമായിട്ടുണ്ട്.