വർക്കല: പുതുവത്സരം ആഘോഷിക്കാൻ വർക്കലയിൽ എത്തിയ മൂന്ന് യുവതികൾക്കുനേരെ ലൈംഗികാതിക്രമം. ബംഗളൂരുവിൽ ഐ. ടി മേഖലയിൽ പ്രവർത്തിക്കുന്ന യുവതികൾക്കു നേരെയാണ് ലൈംഗികാതിക്രമം നടന്നത്.
പുതുവത്സരം ആഘോഷിക്കാൻ ഡിസംബർ 31നാണ് മൂന്ന് സുഹൃത്തുക്കളോടൊപ്പം യുവതികൾ വർക്കലയിലെത്തിയത്. ആഘോഷത്തിനുശേഷം ഹോട്ടൽ മുറിയിൽ ഉറങ്ങവേ ജനുവരി ഒന്നിന് രാവിലെ 5.30ന് മദ്യലഹരിയിലെത്തിയ കൊല്ലം ഇരവിപുരം സ്വദേശി അഖിൽ (26) അതിക്രമിച്ച് കയറി യുവതികളെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.ബഹളം കേട്ടെത്തിയ ജീവനക്കാരും മാനേജരും യുവാവിനെ പിടികൂടി വർക്കല പൊലീസിൽ ഏല്പിച്ചു.അതേസമയം സംഭവത്തിൽ പൊലീസിൽ പരാതി നൽകാൻ യുവതികൾ തയ്യാറായില്ല.പരാതി ഇല്ലാത്തതിനാൽ പൊലീസ് പ്രതിയെ വിട്ടയച്ചു.എന്നാൽ മാദ്ധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ ജില്ലാ റൂറൽ എസ്.പി നിർദ്ദേശിച്ചു. യുവതികൾ കേസുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ് പറയുന്നു.