
തിരുവനന്തപുരം: 2023ലെ സംസ്ഥാന ചലച്ചിത്ര അവാർഡിന് ചലച്ചിത്ര അക്കാഡമി എൻട്രികൾ ക്ഷണിച്ചു. ജനുവരി മുതൽ ഡിസംബർ വരെ പുറത്തിറങ്ങിയ ചിത്രങ്ങൾ, സിനിമയുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ, ലേഖനങ്ങൾ എന്നിവ സമർപ്പിക്കാം. www.keralafilm.com ൽ നിന്നും അപേക്ഷാ ഫോറവും നിയമാവലിയും കിട്ടും. തിരുവനന്തപുരം ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനിലെ ട്രിഡ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന അക്കാഡമിയുടെ സിറ്റി ഓഫീസിൽ നിന്ന് നേരിട്ടും അപേക്ഷാഫോറം ലഭിക്കും. അവസാന തീയതി ഫെബ്രുവരി 5.
ദേശീയ അവാർഡിൽ പി.ടിയെ
ഒഴിവാക്കി:സിബി മലയിൽ
തൃശൂർ: പി.ടി. കുഞ്ഞുമുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച 'പരദേശി" എന്ന ചിത്രത്തെ ദേശീയ അവാർഡ് നിർണയത്തിൽ നിന്ന് മാറ്റി നിറുത്തിയെന്ന് സംവിധായകൻ സിബി മലയിൽ. 'പി.ടി കലയും കാലവും" സാംസ്കാരിക മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരദേശിയിലെ 'തട്ടം പിടിച്ചു വലിക്കല്ലേ..." എന്ന ഗാനമാലപിച്ച സുജാതയെ അവസാന നിമിഷം അവാർഡ് പട്ടികയിൽ നിന്നുമാറ്റി. അഞ്ചോളം അവാർഡുകൾ വന്നെങ്കിലും മേക്കപ്പ്മാൻ പട്ടണം റഷീദിന് മാത്രമാണ് അവാർഡ് ലഭിച്ചത്. ചലച്ചിത്ര അക്കാഡമിയുടെ നിലപാടുകൾ വിഭാവനം ചെയ്യപ്പെട്ടിരുന്ന ഉദ്ദേശ്യശുദ്ധിയിലേക്ക് എത്തുന്നില്ലെന്നും സിബി മലയിൽ കുറ്റപ്പെടുത്തി. സംവിധായകൻ പ്രിയനന്ദനൻ അദ്ധ്യക്ഷനായി. കലാമണ്ഡലം ക്ഷേമാവതി പി.ടിയുമായുള്ള ഓർമ്മകൾ പങ്കുവച്ചു. ഛായാഗ്രാഹകൻ സണ്ണിജോസഫ്, അശോകൻ ചെരുവിൽ, എൻ.കെ.അക്ബർ എം.എൽ.എ, നടൻ ഇർഷാദ്, വി.കെ.ജോസഫ്, ഉമർ തറമേൽ, പി.എസ്.ഇക്ബാൽ, അൻവർ കോഹിനൂർ എന്നിവർ സംസാരിച്ചു.
.