തിരുവനന്തപുരം: സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പാചകച്ചെലവ് ഉടൻ വിതരണം ചെയ്യുമെന്ന് കഴിഞ്ഞമാസം ഹൈക്കോടതിക്ക് നൽകിയ ഉറപ്പ് സർക്കാർ പാലിച്ചില്ലെന്ന് ആക്ഷേപം. ഇതോടെ പ്രഥമാദ്ധ്യാപകർ വീണ്ടും കടക്കെണിയിലായി. നവംബറിലെ തുക ഉടൻ വിതരണം ചെയ്യുമെന്നാണ് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷനും മറ്റുചില സംഘടനകളും നൽകിയ ഹർജി പരിഗണിക്കവേ സർക്കാർ അറിയിച്ചത്. കേസ് 16ന് വീണ്ടും പരിഗണിക്കുന്നുണ്ട്. പ്രഥമാദ്ധ്യാപകരുടെ സാമ്പത്തികനഷ്ടം പരിഹരിക്കുന്നതു വരെ നിയമപോരാട്ടം തുടരുമെന്ന് കെ.പി.പി.എച്ച്.എ സംസ്ഥാന ജനറൽ സെക്രട്ടറി ജി. സുനിൽകുമാർ, പ്രസിഡന്റ് പി. കൃഷ്ണപ്രസാദ് എന്നിവർ പറഞ്ഞു.