തിരുവനന്തപുരം: നഗരത്തിലെ വീടുകളിൽ സബ്സിഡിയോടെ സോളാർ സ്ഥാപിക്കാൻ പ്രത്യേക പദ്ധതി പുറത്തിറക്കി. ഇതനുസരിച്ച് സോളാർ പദ്ധതിയിലുത്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിയുടെ ഗ്രിഡിൽ കൊടുത്ത് പണമുണ്ടാക്കാം. വിവിധ ബാങ്കുകളിൽ നിന്ന് വായ്പയെടുക്കാം. അനർട്ടിന്റെ വക 5 ശതമാനം പലിശയിളവും കിട്ടും. ഗുണഭോക്താക്കൾ സബ്സിഡി കഴിഞ്ഞുള്ള തുക മുടക്കിയാൽ മതി. നിലവിൽ ഹോം ലോണുകൾ ഉള്ള ഗുണഭോക്താക്കൾക്ക് ആ ലോണിന്റെ ടോപ് അപ്പായി ലോൺ ലഭിക്കും.

പദ്ധതിയുടെ ഭാഗമായി ബോധവത്കരണവും സ്‌പോട്ട് രജിസ്‌ട്രേഷനും ജനുവരി 10 വരെ തിരുവനന്തപുരം ലോ കോളേജ് റോഡിലുള്ള അനെർട്ടിന്റെ ആസ്ഥാന മന്ദിരത്തിൽ നടക്കും. രജിസ്‌ട്രേഷൻ ചെയ്യുന്നതോടൊപ്പം പദ്ധതി നടപ്പിലാക്കുന്ന ഏജൻസികളെ നേരിട്ട് സംവദിക്കാനും ഇഷ്ടമുള്ള ഏജൻസിയെ തിരഞ്ഞെടുക്കാനും അവസരമുണ്ട്. വിവരങ്ങൾക്ക് www.buymysun.com. ഫോൺ: 18004251803, 9188119415.