cm-pinarayi-vijayan

തിരുവനന്തപുരം: കിഫ്ബി വായ്പയുടെ പേരിൽ വായ്പാ പരിധി വെട്ടിക്കുറയ്ക്കുന്നതിൽ ഇടപെടണമെന്ന് നിതി ആയോഗ് ഉപാദ്ധ്യക്ഷൻ സുമൻകുമാർ ബെറിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.

എന്നാൽ,​ കേന്ദ്ര സർക്കാരിന്റെ നയപരമായ വിഷയമായതിനാൽ പരിമിതി ഉണ്ടെന്നായിരുന്നു മറുപടി. നിതി ആയോഗിന്റെ തലത്തിൽ നിന്നുള്ള ഇടപെടൽ നടത്തും.

കിഫ്ബി മുഖേന വൻകിട വികസന പദ്ധതികൾ യാഥാർത്ഥ്യക്കുകയാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. പശ്ചാത്തല വികസന മേഖലയിൽ രാജ്യത്തെ മികച്ച സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ദേശീയപാത വികസനം, ഗെയിൽ പൈപ്പ് ലൈൻ തുടങ്ങിയവ നടപ്പാക്കാൻ കേരളത്തിന് കഴിഞ്ഞത് കിഫ്ബി വായ്പ ഉപയോഗപ്പെടുത്തിയാണ്.

ഇതിന്റെ പേരിൽ 2021 മുതൽ സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ കുറവു വരുത്തിയിരിക്കുകയാണ്. കേന്ദ്ര വിഹിതം ലഭ്യമാക്കുന്നതിലും തടസമുണ്ടാകുന്നു. ഇത് വലിയ സാമ്പത്തിക ഞെരുക്കമുണ്ടാക്കുന്നതായും ആവശ്യമായ ഇടപെടൽ നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ നടന്ന കൂടിക്കാഴ്ചയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ, ചീഫ് സെക്രട്ടറി ഡോ.വി.വേണു തുടങ്ങിയവർ പങ്കെടുത്തു.

ധനകാര്യ കമ്മിഷന്റെ

ശ്രദ്ധയിൽ വരണം

സാമ്പത്തിക, ആസൂത്രണ മേഖലയിൽ കേരളത്തിന്റെ ആവശ്യങ്ങൾ പതിനാറാം ധനകാര്യ കമ്മിഷന്റെ ശ്രദ്ധയിൽ കൊണ്ടുവരണമെന്ന് സുമൻകുമാർ പറഞ്ഞു. കേന്ദ്ര,​ സംസ്ഥാന സർക്കാരുകളുടെ നികുതി വിഭജനവും വിനിയോഗവും സംബന്ധിച്ച് കേരളം അടക്കുമുള്ള സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കാൻ കഴിയും. നിതി ആയോഗ് ആരംഭിച്ചിട്ടുള്ള സ്റ്റേറ്റ് സപ്പോർട്ട് മിഷൻ കേരളത്തിന് ഏറെ സഹായകമാകും. വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്‌ഫോർമേഷൻ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനും പിന്തുണ നൽകാമെന്ന് പറഞ്ഞു.