
തിരുവനന്തപുരം: കാർഷിക, വെറ്ററിനറി സർവകലാശാലകൾ തമ്മിലുള്ള ഭൂമികൈമാറ്റത്തിന് അനുമതി തേടിയുള്ള ഫയൽ മന്ത്രിസഭായോഗം മടക്കി. റവന്യു മന്ത്രി കെ. രാജന്റെ സാന്നിദ്ധ്യത്തിൽ മന്ത്രിമാരായ പി.പ്രസാദും ചിഞ്ചുറാണിയും ചർച്ച നടത്തി ധാരണയിലെത്തിയ ശേഷമേ ഇനി ഫയൽ മന്ത്രിസഭായോഗത്തിലെത്തിക്കൂ.
സി.പി.ഐ മന്ത്രിമാരറിയാതെ ഏതോ ഉദ്യോഗസ്ഥരാണ് ഫയൽ എത്തിച്ചതെന്ന് മന്ത്രി ചിഞ്ചുറാണി മന്ത്രിസഭാ യോഗത്തിൽ പറഞ്ഞു. കാർഷിക സർവകലാശാലയിലെ ഭൂമിയിൽ അവകാശമുന്നയിക്കുന്ന വെറ്ററിനറി സർവകലാശാലയ്ക്കുവേണ്ടി മൃഗസംരക്ഷണവകുപ്പാണ് ഫയലെത്തിച്ചത്. തീരുമാനം മാറ്റിവയ്ക്കണമെന്ന് മന്ത്രിമാരായ കെ. രാജനും പി. പ്രസാദും ആവശ്യപ്പെട്ടതോടെയാണ് ഫയൽ മടക്കിയത്. ഉദ്യോഗസ്ഥർ നൽകിയ കുറിപ്പ് മന്ത്രിമാർ കാണാതെ അജൻഡയിൽ ഇടംപിടിക്കുകയായിരുന്നു. വെറ്ററിനറി സർവകലാശാല രൂപവത്‌കരിച്ചപ്പോൾ കാർഷിക സർവകലാശാലയിൽനിന്ന് വിട്ടുനൽകാമെന്ന് പറഞ്ഞിരുന്ന ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ടാണ് ഇരു സർവകലാശാലയും തമ്മിലുള്ള തർക്കം.