pilimood

തിരുവനന്തപുരം: സ‌്മാർട്ട് സിറ്റി പദ്ധതിക്കുകീഴിൽ നഗരത്തിലെ റോഡുകളിൽ ഭൂരിഭാഗവും അടച്ചതോടെ നഗരത്തിലെ പാർക്കിംഗ് പ്രശ്നം കീറാമുട്ടിയായി. എം.ജി റോഡ് അടക്കുള്ള സ്ഥലത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ വാഹനങ്ങൾ എവിടെ പാർക്ക് ചെയ്യുമെന്നറിയാതെ കുഴങ്ങുന്ന ജനങ്ങൾക്ക് വ്യാപകമായി പിഴ ചുമത്താൻ തുടങ്ങിയതോടെ പ്രശ്നം രൂക്ഷമായി.നേരത്തെ റോഡിനു വശങ്ങളിൽ പാർക്ക് ചെയ്യാമായിരുന്നു. എന്നാൽ,​സ്മാർട്ട് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി റോഡുകൾ അടച്ചതോടെ നഗരത്തിൽ പലയിടത്തും പാർക്കിംഗിന് സ്ഥലമില്ലാതായി.

 നോ പാർക്കിംഗ് അല്ലെങ്കിലും പിഴ
നഗരത്തിൽ നോ പാർക്കിംഗ് ബോർഡ് സ്ഥാപിക്കാത്തിടത്ത് വാഹനം പാർക്ക് ചെയ്താലും പൊലീസ് പിഴ ചുമത്തുന്നതായി പരാതി.പലയിടത്തും പൊലീസും യാത്രക്കാരും തമ്മിൽ വാക്കേറ്റവും ഉണ്ടാകുന്നു. നോ പാർക്കിംഗ് ബോർഡില്ലാത്ത സ്ഥലത്ത് പാർക്ക് ചെയ്തത് ചോദ്യം ചെയ്താൽ പാർക്കിംഗ് ബോർഡ് സ്ഥാപിച്ചിട്ടുള്ള സ്ഥലത്ത് മാത്രമേ പാർക്ക് ചെയ്യാവൂ എന്നാണ് പൊലീസിന്റെ മറുപടി.വാഹനങ്ങൾ പാർക്ക് ചെയ്യാതിരിക്കാനായി പലയിടത്തും പൊലീസ് ട്രാഫിക് കോണുകളും സ്ഥാപിച്ചു.വാഹനങ്ങൾ എവിടെയൊക്കെ പാർക്ക് ചെയ്യാമെന്ന് പൊലീസ് ജനങ്ങളെ വേണ്ടവിധം അറിയിക്കുന്നില്ലെന്നും പരാതിയുണ്ട്.നഗരത്തിൽ സ്വകാര്യ വ്യക്തികൾ നടത്തുന്ന പേ ആൻഡ് പാർക്കിംഗ് സംവിധാനങ്ങളും മാതൃകാ റോഡുകളിലെ പേ ആൻഡ് പാർക്കിംഗുമുണ്ടെങ്കിലും നഗരത്തിലെത്തുന്നവർക്ക് പാർക്കിംഗിന് സ്ഥലംകിട്ടാത്ത അവസ്ഥയാണ്.

 രണ്ട് സോണുകൾ

നിലവിൽ രണ്ട് സോണുകളായി തിരിച്ചാണ് നഗരത്തിൽ പാർക്കിംഗ് ഫീസ് ഈടാക്കുന്നത്.കോവളം,ശംഖുംമുഖം, ആക്കുളം,വേളി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ,ചാല,പാളയം തുടങ്ങിയ വ്യാപാര കേന്ദ്രങ്ങൾ, ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം എന്നിവയാണ് ഒന്നാമത്തെ സോണിലുള്ളത്. 10, 16 മീറ്ററിൽ കൂടുതൽ വീതിയുള്ള റോഡിൽ നിന്ന് പ്രവേശന മാർഗമുള്ള പാർക്കിംഗ് കേന്ദ്രങ്ങളും സോൺ ഒന്നിലാണ്.സോൺ ഒന്നിൽ ഉൾപ്പെടാത്ത എല്ലാ കേന്ദ്രങ്ങളും രണ്ടാമത്തെ സോണിലാണ് വരുന്നത്.