b

മെഡിക്കൽ പി.ജി കോഴ്‌സുകൾ സൗകര്യങ്ങളുള്ള സർക്കാർ ആശുപത്രികളിലും തുടങ്ങാമെന്ന മെഡിക്കൽ കൗൺസിൽ തീരുമാനം പൊതുവേ സ്വാഗതാർഹമാണ്. നിലവിൽ മെഡിക്കൽ കോളേജുകളിൽ മാത്രമേ പി.ജി കോഴ്‌സുകൾ അനുവദിക്കാറുള്ളൂ. വിദഗ്ദ്ധ ഡോക്ടർമാരുടെ കുറവ് രൂക്ഷമായി അനുഭവപ്പെടുന്ന ചികിത്സാ ശാഖകളുണ്ട്. അസ്ഥിരോഗ, ശിശുരോഗ, റേഡിയോളജി, അനസ്തീഷ്യ തുടങ്ങിയ വിഭാഗങ്ങളിൽ വൈദഗ്ദ്ധ്യമുള്ള ഡോക്ടർമാരുടെ കുറവ് രാജ്യത്തൊട്ടാകെ പ്രകടമാണ്. സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ കൂടുതലായി പരിശീലിപ്പിച്ചെടുക്കാൻ വേണ്ടിയാണ് സൗകര്യങ്ങളുള്ള സർക്കാർ ആശുപത്രികളിലും പി.ജി കോഴ്‌സുകൾ ആകാമെന്ന നിലപാടിലേക്ക് ദേശീയ മെഡിക്കൽ കൗൺസിൽ എത്തിയിരിക്കുന്നത്. പി.ജി സീറ്റുകൾക്കായി ഇന്ന് അനുഭവപ്പെടുന്ന തിരക്കു പരിഗണിക്കുമ്പോൾ മെഡിക്കൽ കൗൺസിലിന്റെ ഈ നയം മാറ്റം ഗുണകരമാണ്.

പി.ജി കോഴ്‌സുകൾ തുടങ്ങാനാവശ്യമായ സൗകര്യങ്ങൾ ഉള്ള സർക്കാർ ആശുപത്രികൾക്കു കുറവൊന്നുമില്ല. കണക്കിലേറെയാണ് രോഗികളും കിടക്കകളും. പ്രധാനമായി നേരിടാൻ പോകുന്ന പ്രശ്നം അദ്ധ്യാപകരുടെ കുറവാകും. അതുകൊണ്ടുതന്നെ മെഡിക്കൽ കൗൺസിലിന്റെ പുതിയ തീരുമാനം ഫലവത്താകണമെങ്കിൽ യോഗ്യതയുള്ള മെഡിക്കൽ അദ്ധ്യാപകരുടെ വലിയ നിരതന്നെ ഉണ്ടാകേണ്ടിയിരിക്കുന്നു. അടിസ്ഥാന സൗകര്യങ്ങളും അതനുസരിച്ച് ആശുപത്രികളിൽ വർദ്ധിപ്പിക്കേണ്ടിവരും.

മെഡിക്കൽ ബിരുദ - ബിരുദാനന്തര കോഴ്‌സുകളുടെ പ്രവേശനം ദേശീയ തലത്തിൽ ഏകീകൃത സംവിധാനത്തിലൂടെയാണ് ഇപ്പോൾ നടക്കുന്നത്. മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് നിലവിലുണ്ടായിരുന്ന വൻതോതിലുള്ള ക്രമക്കേടുകൾ ഇല്ലാതാക്കാൻ പുതിയ സംവിധാനത്തിലൂടെ കഴിഞ്ഞിട്ടുണ്ട്.
ഒരു എം.ബി.ബി.എസ് സീറ്റിന് ഒരു കോടിയോ അതിനു മുകളിലോ തലവരി ഈടാക്കിയിരുന്ന കാലമുണ്ടായിരുന്നു. പി.ജി സീറ്റുകൾ ലേലം വിളിച്ചാണ് നൽകിയിരുന്നത്. അതിസമ്പന്നർക്കായി നീക്കിവയ്ക്കപ്പെട്ടവയായിരുന്നു സ്വകാര്യ മെഡിക്കൽ കോളേജുകളിലെ സീറ്റുകൾ. ഭീകരമായ ഈ കൊള്ളയാണ് നീറ്റ് വന്നതോടെ ഇല്ലാതായിരിക്കുന്നത്. ഇപ്പോൾ കൗൺസലിംഗും ഏകീകൃതമായതോടെ അവിടെയും ക്രമക്കേടുകൾ ഒഴിവായിരിക്കുകയാണ്. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാൻ സ്വകാര്യ മെഡിക്കൽ കോളേജുകളും നിർബന്ധിതമായിട്ടുണ്ട്. പി.ജി പ്രവേശന നടപടികളിൽ തിരിമറി കാണിച്ചാൽ രണ്ടുവർഷത്തേക്ക് പ്രവേശനം തടയുന്നതുൾപ്പെടെ കർക്കശ നടപടികൾ നേരിടേണ്ടിവരുമെന്നതിനാൽ അത്തരം തരികിടയ്ക്കൊന്നും സാധാരണഗതിയിൽ ആരും മുതിരുകയില്ല. അതുപോലെ ഓരോ പി.ജി കോഴ്‌സിന്റെയും ഫീസും മുൻകൂർ വിജ്ഞാപനം ചെയ്യണമെന്ന നിബന്ധന വിദ്യാർത്ഥികൾക്ക് ഗുണകരമാകും. പി.ജി കോഴ്‌സിന് അപേക്ഷിക്കുന്നവർ നിശ്ചിത വിഷയങ്ങളിൽ അഭിരുചി നേടിയിരിക്കണമെന്നും നിബന്ധനയുണ്ട്. പഠനശാഖയിലെ പ്രാവീണ്യത്തിനു പുറമെ അത്യാവശ്യ ഘട്ടങ്ങളിൽ രോഗിയുടെ ജീവൻ രക്ഷയ്ക്കുതകുന്ന അത്യാവശ്യം ചികിത്സാമാർഗങ്ങളും അറിഞ്ഞിരിക്കണമെന്ന് നിഷ്‌കർഷിച്ചിട്ടുണ്ട്.

ഏകീകൃത കൗൺസലിംഗ് രീതി വന്നതോടെ പ്രവേശന നടപടികൾ വേഗം തീർക്കാനാവുമെന്ന സൗകര്യമുണ്ട്. ക്ളാസുകളും നേരത്തെ തുടങ്ങാൻ കഴിയും. ഇപ്പോൾ ആഴ്ചകളല്ല, മാസങ്ങൾ തന്നെ എടുത്താണ് കൗൺസലിംഗ് പൂർത്തിയാവുന്നത്. രാജ്യവ്യാപകമായി ഏകീകൃത കൗൺസലിംഗ് നടക്കുന്നതിനാൽ അവസരം നഷ്ടമാകില്ല എന്ന ഗുണവുമുണ്ട്.

രാജ്യത്തെ ജനസംഖ്യയുമായി തട്ടിച്ചുനോക്കിയാൽ ഇനിയും നൂറുകണക്കിനു മെഡിക്കൽ കോളേജുകളും പതിനായിരക്കണക്കിന് ഡോക്ടർമാരും ഉണ്ടായേ മതിയാവൂ. മെഡിക്കൽ കോളേജുകൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ അടുത്തകാലത്ത് ഒട്ടേറെ ഇളവുകൾ വരുത്തിയത് ഇക്കാര്യങ്ങൾ കണക്കിലെടുത്താണ്. നാട്ടിൽ അവസരം ലഭിക്കാതെ വരുമ്പോൾ ആയിരക്കണക്കിനു കുട്ടികൾ ഓരോ വർഷവും വൻ തുക ചെലവഴിച്ച് വിദേശങ്ങളിലെ മെഡിക്കൽ കോളേജുകൾ തേടി പോവുകയാണ്.