1

പൂവാർ: കഴക്കൂട്ടം - കാരോട് ബൈപ്പാസ് ഗതാഗതത്തിന് തുറന്നെങ്കിലും തിരുപുറം ഗ്രാമപഞ്ചായത്തിലെ പുറുത്തിവിളിയിൽ മേജർ സിഗ്നൽ ജംഗ്ഷൻ വരുമോ എന്ന ആശങ്കയിലാണ് ഇപ്പോഴും പ്രദേശവാസികൾ. മാസ്റ്റർ പ്ലാനിൽ ഉൾപ്പെട്ട പുറുത്തിവിളയിലെ മേജർ സിഗ്നൽ ജംഗ്ഷൻ മൈനർ ജംഗ്ഷനാക്കി മാറ്റാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ തിരുപുറം ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കിയും ജനകീയ പ്രതിഷേധങ്ങൾ ഉയർത്തിയും നടത്തിയ സമരങ്ങൾ നിരവധിയായിരുന്നു. ഇതിന്റെ ഭാഗമായി 2021 സെപ്തംബർ 3ന് പുറത്തിവിളയിൽ ആരംഭിച്ച സമരം മാസങ്ങൾ നീണ്ടുനിന്നു.

ഇപ്പോൾ വർഷങ്ങൾ കഴിഞ്ഞിട്ടും മേജർ സിഗ്നൽ ജംഗ്‌ഷൻ നിർമ്മിക്കാനുള്ള യാതൊരു പ്രവൃത്തിയും നിർമ്മാണ ചുമതലയുള്ള എൽ ആൻഡ് ടി കമ്പനിയോ, മറ്റ് അധികൃതരോ ആരംഭിച്ചിട്ടില്ല. സമരതീക്ഷ്ണമായ നാളുകൾക്കൊടുവിൽ ജില്ലാ കളക്ടറുടെ ചേംബറിൽ വിളിച്ചുചേർത്ത യോഗത്തിൽ മേജർ സിഗ്‌നൽ ജംഗ്ഷൻ പണിയാനുള്ള പ്രോജക്ട് തയാറാക്കി റിപ്പോർട്ട് നൽകാൻ കളക്ടർ ആർ.ഡി.ഒയെ ചുമതലപ്പെടുത്തിയിരുന്നു. കൂടാതെ നാഷണൽ ഹൈവേ അതോറിട്ടിയുടെ ഉദ്യോഗസ്ഥരുമായി ജനപ്രതിനിധികൾ നടത്തിയ ചർച്ചകളിലെല്ലാം പുറുത്തിവിളയിൽ മേജർ സിഗ്നൽ ജംഗ്‌ഷൻ സ്ഥാപിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഈ ഉറപ്പുകളെല്ലാം പാഴ്‌വാക്കായിരുന്നുവെന്നാണ് പ്രദേശവാസികളുടെ പരാതി.

ബൈപ്പാസ് റോഡിന് നിലവിൽ

നാലുവരിപ്പാതയും സർവീസ് റോഡുകളുമടക്കം 45 മീറ്റർ വീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. കോവളം മുതൽ കാരോട് വരെയുള്ള 16.2 കിലോമീറ്റർ ദൂരം കോൺക്രീറ്റ് റോഡാണ്. സമാന്തര റോഡുകളിൽ നിന്ന് ബൈപ്പാസിലേയ്ക്കുള്ള കവാടങ്ങൾ പരമാവധി അടച്ചും സർവീസ് റോഡുകൾ പലയിടങ്ങളിലും മുറിച്ചും പ്രദേശവാസികളെ ബൈപ്പാസ് റോഡിൽ നിന്ന് അകറ്റിയിരിക്കുകയാണ്. ബൈപ്പാസിൽ പ്രവേശിക്കാൻ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥയാണ് ഇപ്പോൾ.

ഫ്ളൈഓവർ വേണ്ട

പുറുത്തിവിളയിൽ ഫ്ളൈഓവർ നിർമ്മിക്കുകയായിരുന്നു ആദ്യ പദ്ധതി. ഇതിനെതിരെ വ്യാപകമായ പരാതിയും പ്രതിഷേധവും ഉയർന്നതോടെയാണ് മേജർ സിഗ്നൽ ജംഗ്ഷൻ മാസ്റ്റർ പ്ലാനിൽ ഇടം പിടിച്ചത്.

തിരക്കേറിയ റോഡ്

കോവളം കാരോട് കോൺക്രീറ്റ് റോഡ് പൂർത്തിയായതോടെ 43 കിലോമീറ്റർ വരുന്ന കഴക്കൂട്ടം കാരോട് ബൈപ്പാസ് റോഡ് പൂർണമായും തുറക്കപ്പെട്ടു. കന്യാകുമാരി എക്‌സ‌്പ്രസ് ഹൈവേയുമായും ടൂറിസം പ്രധാനമേറിയ കന്യാകുമാരിയുമായും കേരള തലസ്ഥാനവും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് ഇപ്പോൾ സജീവമാണ്.

സിഗ്നൽ വേണം

ബൈപ്പാസിലെ വലിയ വളവുകളിലൊന്നാണ് പുറുത്തിവിളയിലേത്. ഇവിടെയാണ് പഴയകട കാഞ്ഞിരംകുളം റോഡ് മുറിച്ച് കടന്നുപോകുന്നത്. വലിയ വളവായതിനാൽ ഈ റോഡിലൂടെ എത്തുന്ന വാഹനങ്ങൾക്ക് ബൈപ്പാസിലൂടെ വരുന്ന വാഹനങ്ങളെ കാണാൻ കഴിയില്ല. അതിനാൽ ഇവിടെ സിഗ്‌നൽ ജംഗ്ഷൻ അത്യാവശ്യമാണ് എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.