
തിരുവനന്തപുരം: സ്വർണക്കള്ളക്കടത്തിന്റെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി
തന്നെ പറഞ്ഞിട്ടും പിണറായി വിജയന്റെ ഓഫീസിനെതിരെ നടപടി സ്വീകരിക്കാത്തതിൽ നിന്ന് മോദിയും പിണറായിയും ഭായി ഭായിയാണെന്ന് തെളിഞ്ഞെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസ് മുക്തഭാരതമെന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കാൻ പിണറായി വിജയനെ സഹായിക്കാൻ മോദിക്ക് ഒരു മടിയുമില്ല. ഇല്ലെങ്കിൽ എന്തുകൊണ്ട് സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയില്ല. ശിവശങ്കറെ രണ്ടു തവണ ജയിലിലിട്ടെന്നതല്ലാതെ അതിന് മുകളിലേക്ക് അന്വേഷണം പോകാതിരുന്നത് മോദിയും പിണറായിയും തമ്മിലുള്ള കൂട്ടുകെട്ടിന്റെ ഭാഗമാണ്. സി.പിഎമ്മും ബി.ജെ.പിയും തമ്മിലുള്ള അന്തർധാരയാണ് കാര്യം. അതുകൊണ്ടാണ് സ്വർണക്കള്ളക്കടത്ത് കേസ് ശിവശങ്കറിൽ അവസാനിച്ചത്. ഒരു തെളിവുമില്ലാത്ത കേസുകൾക്ക് ഇ.ഡിയെയും സി.ബി.ഐയെയും പറഞ്ഞുവിട്ട് കോൺഗ്രസ് നേതാക്കളെ വേട്ടയാടുന്ന ആളുകൾ തെളിവുണ്ടായിട്ടും എന്തുകൊണ്ട് സ്വർണക്കള്ളക്കടത്ത് കേസ് അന്വേഷിക്കാൻ തയാറാകുന്നില്ല.
പ്രതിപക്ഷനേതൃ സ്ഥാനത്തും കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തും അല്പം കൂടി പക്വതയുള്ളവരായിരുന്നെങ്കിൽ കാര്യങ്ങൾ നയപരമായി മുന്നോട്ടുപോകുമായിരുന്നെന്ന കെ.മുരളീധരന്റെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് ,പാർട്ടിക്കകത്തെ പ്രശ്നങ്ങൾ സംസാരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഇപ്പോഴത്തെ ആവശ്യം കോൺഗ്രസ്സ് ഒറ്രക്കെട്ടായി മുന്നോട്ടു പോവുകയാണെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.