
കൊല്ലം: ഓട്ടൻതുള്ളലിന് വിലക്കുണ്ടായിരുന്ന അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ 250 വർഷത്തിന് ശേഷം തുള്ളൽ അവതരിപ്പിച്ച് ചരിത്രം കുറിച്ച സുരേഷ് വർമ്മ ഇന്നലെ കലോത്സവത്തിന് എത്തിയത് ഡബിൾ റോളിൽ. ഹൈസ്കൂൾ വിഭാഗം ഓട്ടൻതുള്ളലിൽ മകൾ ദേവജയെ പരിശീലിപ്പിച്ചതും ചമയം അണിയിച്ചതും സുരേഷാണ്. മകൾ വേദിയിൽ രുക്മിണി സ്വയംവരം ആടിയപ്പോൾ പിന്നണിയിൽ 'അക്കാലത്താ ദ്വാരക തന്നിൽ...' പാടിയതും അച്ഛൻ തന്നെ!.
വീടായിരുന്നു പരിശീലനക്കളരി. മംഗ എന്ന് വിളിപ്പേരുള്ള മകളോട് അച്ഛന്റെ ലാളനയ്ക്ക് പകരം ഗുരുവിന്റെ കാർക്കശ്യം. ഫലം എ ഗ്രേഡ്. 2006 മേയ് 5ന് വിലക്ക് മാറ്റിയതിനെ തുടർന്നാണ് സുരേഷ് അമ്പലപ്പുഴ ക്ഷേത്രത്തിൽ തുള്ളൽ അവതരിപ്പിച്ചത്. തുള്ളൽ ഉത്ഭവിച്ച അമ്പലപ്പുഴയിലെ കുഞ്ചൻ നമ്പ്യാർ സ്മാരക സമിതിയിൽ പരീശീലിക്കുന്ന കാലം. വിലക്ക് നീക്കാൻ ഒരുവർഷത്തോളം ദേവസ്വം ബോർഡുമായി ചർച്ച നടത്തി. ഒടുവിൽ കണ്ണന് മുന്നിൽ കളിക്കാൻ നിയോഗം സുരേഷിനായിരുന്നു. രാമാനുചരിതമാണ് കളിച്ചത്. അമ്മാവൻ അമ്പലപ്പുഴ രാമവർമ്മയായിരുന്നു സമിതി ചെയർമാൻ. പതിനൊന്ന് വയസ് മുതൽ തുള്ളൽ പഠിച്ചു. 38 വർഷമാണ് ഈ കലയുമായി പിന്നിട്ടത്. അമ്പലപ്പുഴ കെ.കെ.കെ.പി.എസ്.ജി എച്ച്.എസിലെ ഒൻപതാം ക്ലാസുകാരിയാണ് ദേവജ. അനുജത്തി അഞ്ചാം ക്ലാസുകാരി ദേവിജ ജില്ലയിൽ തുള്ളൽ ഒന്നാംസ്ഥാനം നേടി. ഭാര്യ: ബിന്ദു. സുരേഷിന്റെ മറ്റ് രണ്ട് ശിഷ്യർ കൂടി മത്സരത്തിനെത്തിയിരുന്നു.
തുള്ളൽ ചരിത്രം
അമ്പലപ്പുഴ ക്ഷേത്രത്തിൽ ചാക്യാർകൂത്തിന് മിഴാവ് വായിക്കുന്നതിനിടെ നമ്പ്യാർ ഉറങ്ങിപ്പോയി. ചാക്യാർ കളിയാക്കിയ ക്ഷീണം മാറ്റാൻ അടുത്തദിവസം നമ്പ്യാർ തുള്ളൽ കണ്ടുപിടിച്ചു. ഇതോടെ കൂത്ത് കാണാൻ ആളില്ലാതാവുകയും ചാക്യാർ രാജാവിനോട് പരാതി പറയുകയും ചെയ്തു. ഇനി അമ്പലത്തിനുള്ളിൽ തുള്ളൽ വേണ്ടെന്ന് രാജാവ് ഉത്തരവുമിട്ടു. 250 വർഷം വിലക്ക് നീക്കാൻ പലരും ശ്രമിച്ചെങ്കിലും നടന്നില്ല.