തിരുവനന്തപുരം: ഭാരവാഹി തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ തർക്കം പരിഹാരമാകാതെ തുടരുന്നതിനിടെ സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് അസോസിയേഷനിലെ വിമത വിഭാഗം പിളർന്നു.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ അനുകൂലിക്കുന്ന, അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി സി.എസ്.ശരത്ചന്ദ്രൻ നേതൃത്വം നൽകുന്ന വിഭാഗമാണ് സെക്രട്ടേറിയറ്ര് സ്റ്റാഫ് ഓർഗനൈസേഷൻ എന്ന പേരിൽ ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം പുതിയ സംഘടന രൂപീകരിച്ചത്. 2014-15ൽ അസോസിയേഷന്റെ ജനറൽ സെക്രട്ടറിയായിരുന്ന ശരത്ചന്ദ്രൻ പിന്നീട് സെക്രട്ടറി അടക്കമുള്ള പദവികളും വഹിച്ചു.
2022 ജൂലായ് മുതൽ അസോസിയേഷനിൽ എ,ഐ വിഭാഗങ്ങൾ തമ്മിൽ ചേരിപ്പോര് നിലൽക്കുകയാണ്. ഉമ്മൻചാണ്ടിയെ അനുകൂലിക്കുന്ന വിഭാഗത്തെ നയിക്കുന്നത് മുൻ പ്രസിഡന്റ് എം.എസ്.ജ്യോതിഷാണ്. രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്ന ഐ വിഭാഗത്തെ നയിക്കുന്നത് അസോസിയേഷന്റെ ഔദ്യോഗിക പക്ഷത്തിന്റെ പ്രസിഡന്റായ എം.എസ്.ഇർഷാദാണ്. ജ്യോതിഷിനൊപ്പമാണ് ശരത്ചന്ദ്രൻ വിഭാഗം നേരത്തെയുണ്ടായിരുന്നത്.
എന്നാൽ അസോസിയേഷനെ കുത്തകയാക്കാൻ ഇരുവിഭാഗവും ശ്രമിക്കുന്നതിൽ മനംമടുത്താണ് പുതിയ സംഘടന രൂപീകരിക്കുന്നതെന്നും ശരത്‌ചന്ദ്രൻ കേരളകൗമുദിയോട് പറഞ്ഞു. തങ്ങളോടൊപ്പം ഇപ്പോൾത്തന്നെ അമ്പതോളം പേരുണ്ടെന്നും വരും ദിവസങ്ങളിൽ മെമ്പർഷിപ്പ് വിതരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷനിലെ തർക്കം പരിഹരിക്കുന്നതിന് കെ.പി.സി.സി പി.സി.വിഷ്ണുനാഥ് എം.എൽ.എ അദ്ധ്യക്ഷനായ സമിതിയെ നിയോഗിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല.
അധികാരത്തർക്കം സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലാണ്. സി.എസ്.ശരത്‌ചന്ദ്രൻ (പ്രസിഡന്റ്), സി.ഡി.മനോജ് (ജനറൽ സെക്രട്ടറി),കെ.ശരത് കുമാർ (സെക്രട്ടറി),ബി.ശ്രീലക്ഷ്‌മി (വൈസ് പ്രസിഡന്റ്),കെ.നിതിൻ താലിബ് (ട്രഷറർ) എന്നിവരാണ് പുതിയ സംഘടനാഭാരവാഹികൾ.