
കൊല്ലം: കണ്ണന് മുന്നിൽ നൃത്താർച്ചനയ്ക്കെത്തിയതാണ് മട്ടന്നൂർ എച്ച്.എസ്.എസിലെ നീഹാരയും മൂവാറ്റുപുഴ ടി.ടി എച്ച്.എസ്.എസ്.എസിലെ കാർത്തികയും. ഉള്ളുരുകിയുള്ള പ്രാർത്ഥനയ്ക്കിടെ പരിചയപ്പെട്ട ഇരുവരും പുറത്തിറങ്ങുമ്പോൾ വേദിക്കരികിൽ മുണ്ടും നേര്യതുമണിഞ്ഞ് വയനാട് മീനങ്ങാടി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പെൺകുട്ടികളുടെ നേതൃത്വത്തിൽ ചെണ്ടമേളം. മേളപ്പെരുക്കത്തിൽ മോഹിനിമാരുടെ മനമിളകി. സൗഹൃദം വിരിഞ്ഞു. ചെണ്ടയും ചേങ്കിലയും കുഴലും തീർത്ത താളത്തിൽ വീണ്ടുമാടി.
ചുരമിറങ്ങി ചെണ്ടമേളത്തിനെത്തിയ ഏഴംഗ സംഘത്തിൽ നാലും പെൺകുട്ടികൾ. ഇലത്താളവുമായി ഗ്രീഷ്മയും വിസ്മയയും. കുഴൽവിളിച്ച് ശാരികയും സുനിലും. കൊമ്പുമായി കൈലാസ്. ഒപ്പം കൊട്ടിക്കയറുന്ന അനന്ത നാരായണനും അലൻ ജോസഫും ധനുപ്രിയയും. മത്സരിക്കും മുന്നേ പരിശീലനമേളം നടത്തുന്ന ടീമിൽ പെൺകുട്ടികളുടെ സാന്നിദ്ധ്യം മോഹിനിമാരുടെ കണ്ണുടക്കി. അരികിലെത്തി ചേങ്കില വാങ്ങിയും ചെണ്ടയിൽ തൊട്ടും താളമിട്ടു. എന്നാൽ കൊട്ടി ആടിയാലോയെന്നായി കുട്ടിക്കൂട്ടം. മിനിറ്റുകൾ നീണ്ട മേളത്തിനൊപ്പം ചുവടുവച്ചു. ക്ഷേത്ര മൈതാനത്ത് നിന്ന് സൗഹൃദം പൂക്കാൻ അധികനേരമെടുത്തില്ല. ആളുകൂടി. എല്ലാവർക്കും ഒന്നുകൂടി കാണമെന്ന് അഭ്യർത്ഥ. വീണ്ടും കൊട്ടി, അവർ ചുവടുവച്ചു. ചുറ്റും കരഘോഷം. ഇൻസ്റ്റ ഐഡിയും ഫോൺ നമ്പറും കൈമാറി. പുത്തൻ കൂട്ടുകാരികളെ ചുരം കയറാൻ ക്ഷണിച്ചത് ശാരികയാണ്. വരുമെന്ന ഉറപ്പു നൽകിയത് നീഹാര. മത്സരം കഴിഞ്ഞു. ഫലമെത്തി. നാട്യക്കാർക്കും മേളക്കാർക്കും എ ഗ്രേഡ്!.
ചെണ്ടയ്ക്ക് മിക്സ്ഡ് ടീം
ഇക്കുറി ചെണ്ടമേളത്തിന് മീനങ്ങാടി സ്കൂളിനെ കൂടാതെ പാലക്കാട് ഭാരത മാതാ ഹയർ സെക്കൻഡറി സ്‌കൂളുമുണ്ടായിരുന്നു. നേഹ (കൊമ്പ്), ആതിര (കുഴൽ), അതുല്യ, ആദർശ് (വലന്തല), ഈശ്വർ ദേവ്, അവിനാഷ് (ഇടന്തല), അനന്തു കൃഷ്ണൻ (ഇലത്താളം). കാണികൾ പറഞ്ഞു ചെണ്ടമേളം വേറൊരു ലെവലാണ്.