
തിരുവനന്തപുരം:ബഹിരാകാശത്ത് ഫ്യൂവൽ സെൽ സാങ്കേതിക വിദ്യയിൽ വൈദ്യുതി ഉൽപാദിപ്പിച്ച് ഐ.എസ്.ആർ.ഒയുടെ വിജയം. ഹൈഡ്രജൻ, ഓക്സിജൻ വാതകങ്ങളാണ് ഫ്യൂവൽ സെല്ലിൽ ഇന്ധനമാക്കിയത്. നാസ മാത്രമാണ് മുമ്പ് ഇൗ നേട്ടം കൈവരിച്ചിട്ടുള്ളത്.
ഭാവിയിൽ ഇന്ത്യയുടെ സ്പെയ്സ് സ്റ്റേഷനും ബഹിരാകാശ മനുഷ്യ ദൗത്യങ്ങൾക്കും പ്രയോജനപ്പെടും. വി. എസ്. എസ്. സി ഡയറക്ടർ എസ്. ഉണ്ണിക്കൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള ശാസ്‌ത്രജ്ഞരാണ് പോളിമർ ഇലക്ട്രോലൈറ്റ് മെംബ്രെയ്ൻ ഫ്യൂവൽ സെൽ നിർമിച്ചത്.
പുതുവർഷ ദിനത്തിൽ 'എക്സ്‌പോസാറ്റ്' വിക്ഷേപിച്ച പി.എസ്.എൽ.വി. സി - 58 റോക്കറ്റിന്റെ അഗ്ര ഭാഗമായ പി.എസ് 4, ഓർബിറ്റർ എക്സ്‌പെരിമെന്റൽ മൊഡ്യൂൾ - പോയം - 3 ആക്കി മാറ്റിയിരുന്നു. ( മൂന്നാം തവണയാണിത്. അതിനാലാണ് പോയം - 3 ) 350 കിലോമീറ്റർ ഭ്രമണപഥത്തിൽ ചുറ്റുന്ന ഓർബിറ്ററിലാണ് ഫ്യൂവൽ സെൽ പവർ സിസ്റ്റം (എഫ്.സി.പി.എസ്) 180 വാട്ട് വൈദ്യുതി ഉൽപാദിപ്പിച്ചത്.
ഉയർന്ന മർദ്ദത്തിൽ സൂക്ഷിച്ച ഹൈഡ്രജനും ഒാക്സിജനും ഉപയോഗിച്ച് ജ്വലനം ഇല്ലാതെ ഇലക്ട്രോ കെമിക്കൽ പ്രവർത്തനത്തിലൂടെയാണ് വൈദ്യുതിയുണ്ടാക്കിയത്. നാസയ്‌ക്ക് ശേഷം ഇതിനുള്ള ഇലക്ട്രോഡുകൾ ( ആനോഡ്, കാഥോഡ് ) സ്വന്തമായി വികസിപ്പിച്ചതാണ് വലിയ നേട്ടം. യൂറോപ്യൻ സ്പെയ്സ് ഏജൻസിയും ജാപ്പനീസ് സ്പെയ്സ് സെന്ററും രണ്ടുവർഷമായി ഇതിനായി ഗവേഷണം തുടരുമ്പോഴാണ് ഇന്ത്യയുടെ വിജയം.
നേട്ടങ്ങൾ
വൈദ്യുതി ഉൽപ്പാദനത്തിന് ശേഷം പുറംതള്ളുന്നത് ശുദ്ധജലവും ചൂടും മാത്രം. സ്പെയ്സ് സ്റ്റേഷനുകൾക്കും മനുഷ്യ ദൗത്യങ്ങൾക്കും വൈദ്യുതിയും വെള്ളവും ചൂടും ഒറ്റയടിക്ക് ദീർഘകാലത്തേക്ക് കിട്ടും. ബഹിരാകാശ പേടകങ്ങളിൽ കരുതലായി ഉപയോഗിക്കാം. സൂര്യപ്രകാശം ഇല്ലെങ്കിലും വൈദ്യുതി ഉറപ്പാക്കാം. മറ്റ് ഇന്ധനം കൂടുതൽ ഉപയോഗിക്കാതെ കരുതാം. വൈദ്യുതി വാഹനങ്ങളിലും ഫ്യൂവൽ സെൽ ഉപയോഗിക്കാം.
ഫ്യൂവൽ സെൽ
ആനോഡിൽ ഹൈഡ്രജനും കാഥോഡിൽ ഓക്സിജനും പ്രതിപ്രവർത്തിച്ചാണ് വൈദ്യുതി ഉണ്ടാവുന്നത്. ഉപോൽപ്പന്നമായ വെള്ളത്തിലെ ഹൈഡ്രജൻ, ഒാക്സിജൻ വാതകങ്ങളെ വേർതിരിച്ച് രാസവൈദ്യുത പ്രവർത്തനത്തിലൂടെ വീണ്ടും വൈദ്യുതോർജ്ജമാക്കും. ഇതിലൂടെ വീണ്ടും വെള്ളമുണ്ടാകും. ഈ ചാക്രിക രാസപ്രവർത്തനത്തിലൂടെ മൂന്ന് വർഷം വരെ തുടർച്ചയായി വൈദ്യുതിയുണ്ടാക്കാം. സാധാരണ ബാറ്ററിയിൽ നിന്ന് വ്യത്യസ്തമായി ചാർജ് തീരില്ല. റീചാർജ് ചെയ്യേണ്ട. ബഹിരാകാശ ദൗത്യങ്ങൾക്ക് ഇത് അനുഗ്രഹമാകും. സ്പേസ് സ്റ്റേഷന് ദിവസം 20 കിലോവാട്ട് വൈദ്യുതി വേണം.
ഭാവിയുടെ ഫ്യൂവൽ സെൽ
ഹിമാലയം പോലെ ഉയർന്ന സ്ഥലങ്ങളിലും ആഴക്കടൽ പേടകങ്ങളിലും തുരങ്കങ്ങളിലും ഉപയോഗിക്കാവുന്ന ഫ്യൂവൽ സെല്ലും ഐ. എസ്. ആർ. ഒ വികസിപ്പിച്ചു. ഇത് പ്രതിരോധ ഗവേഷണ സ്ഥാപനത്തിന്റെ പരിശോധനയിലാണ്.