താനൂർ: കസ്റ്റഡിക്കൊലപാതകത്തിൽ അന്വേഷണം ഊർജ്ജിതമാക്കി സി.ബി.ഐ. കേന്ദ്ര ഫോറൻസിക് ഉദ്യോഗസ്ഥർ താനൂർ പൊലീസ് ക്വാർട്ടേഴ്സിൽ പരിശോധന നടത്തി. മരിച്ച താമിർ ജിഫ്രിക്ക് ക്വാർട്ടേഴ്സിൽവച്ച് ക്രൂരമർദ്ദനമേറ്റെന്ന സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ ശാസ്ത്രീയ പരിശോധന നടത്തിയത്.
പ്രാഥമിക അന്വേഷണം പൂർത്തിയാക്കി ഒരു മാസത്തിനു ശേഷമാണ് ശാസ്ത്രീയ തെളിവുശേഖരണത്തിനായി സി.ബി.ഐ വീണ്ടും താനൂരിലെത്തിയത്. കേന്ദ്ര ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ ഹൈദരാബാദിൽ നിന്നുള്ള മൂന്നംഗ സംഘമാണ് പരിശോധന നടത്തിയത്. വിശദമായ രൂപരേഖയോടെയായിരുന്നു ക്വാർട്ടേഴ്സിലെ പരിശോധന. ഡിവൈ.എസ്.പി കുമാർ റോണക്കിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.
രക്തസാമ്പിളുകളും വിരലടയാളങ്ങളും ഉദ്യോഗസ്ഥർ ശേഖരിച്ചു. കേസിലെ സാക്ഷികളായ ചേളാരി സ്വദേശി മൻസൂർ, തിരൂരങ്ങാടി സ്വദേശി കെ.ടി മുഹമ്മദ് എന്നിവരേയും വിളിച്ചുവരുത്തിയിരുന്നു. താമിർ ജിഫ്രിക്ക് നേരിട്ട മർദ്ദനം യുവാക്കൾ സി ബി ഐക്ക് മുൻപിൽ വിവരിച്ചു.
ആലുങ്ങലിലെ വാടകമുറിയിലും താനൂർ പൊലീസ് ക്വാർട്ടേഴ്സിലും പൊലീസ് സ്റ്റേഷനിലും താമിർ ജിഫ്രിക്ക് സംഭവിച്ചത് നേരിട്ട കണ്ട യുവാക്കൾ കേസിലെ പ്രധാന സാക്ഷികളാണ്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലും യുവാക്കളുടെ മൊഴികളായിരുന്നു വഴിത്തിരിവായത്. താമിർ ജിഫ്രിയെ പൊലീസ് മർദ്ദിക്കുന്നത് നേരിട്ട് കണ്ടെന്ന് നേരത്തെ യുവാക്കൾ മജിസ്ട്രേറ്റിന് മൊഴി നൽകിയിരുന്നു.