
നെയ്യാറ്റിൻകര: കെ.എസ്.ആർ.ടി.സി. നെയ്യാറ്റിൻകര ഡിപ്പോയിൽ കൺസെഷൻ കൗണ്ടറിലെ തിക്കും തിരക്കും വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ വലയ്ക്കുന്നു. തിങ്കൾ,വെള്ളി ദിവസങ്ങളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12വരെ അപേക്ഷ സ്വീകരിക്കുകയും വൈകിട്ട് 3മുതൽ 4വരെ കൺസഷൻ വിതരണം ചെയ്യുകയുമാണ്. ദൂരെ സ്ഥലങ്ങളിലെ സ്കൂളിലും കോളേജുകളിലും പഠിക്കുന്ന കുട്ടികളെ ഇത് സാരമായി ബാധിക്കുന്നതായി രക്ഷിതാക്കൾ പരാതിപ്പെടുന്നു. പല വിദ്യാർത്ഥികളും ക്യൂവിൽ നിന്ന് സമയം വൈകുമ്പോൾ ക്ലാസിൽ കയറാനുള്ള സമയമാകുന്നതിനനുസരിച്ച് തിരികെ പോവുകയാണ്. കുട്ടികൾക്കായി പലപ്പോഴും കൂലിപ്പണിക്ക് പോകുന്ന രക്ഷിതാക്കളാണ് ജോലി ഉപേക്ഷിച്ച് കൺസഷനായി ഇവിടെ കാത്ത് നിൽക്കുന്നത്.ഇത് സംബന്ധിച്ച് രക്ഷിതാക്കളടക്കം അധികൃതരോട് പരാതിപ്പെട്ടെങ്കിലും യാതൊരു പരിഹാരവുമുണ്ടായിട്ടില്ല. എല്ലാ പ്രവൃത്തി ദിനങ്ങളിലും കൗണ്ടർ പ്രവർത്തിപ്പിക്കാനും സമയബന്ധിതമായി കുട്ടികൾക്ക് കൺസഷൻ വിതരണം നടത്താൻ അധികൃതർ തയ്യാറാകണമെന്നുമുളള ആവശ്യം ശക്തമാണ്.