
ആറ്റിങ്ങൽ: അഞ്ചുതെങ്ങ് പഞ്ചായത്തിൽ കുടിവെള്ളമെത്തിക്കാത്ത വാട്ടർ അതോറിട്ടിയുടെ നടപടിയിൽ പ്രതിഷേധിച്ച് ജനപ്രതിനിധികൾ ആറ്റിങ്ങൽ എക്സിക്യൂട്ടീവ് എൻജിനിയറുടെ കാര്യാലയം ഉപരോധിച്ചു. ത്രിതല പഞ്ചായത്തുകളുടെ സംയുക്ത നേതൃത്വത്തിൽ അഞ്ചുതെങ്ങ് പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വതപരിഹാരം കാണുന്നതിനായി പഞ്ചായത്ത് മുൻകൈയെടുത്ത് തയാറാക്കിയ കുടിവെള്ള പ്രോജക്ട് നടപ്പാക്കേണ്ടത് വാട്ടർ അതോറിട്ടിയാണ്. എന്നാൽ പ്രോജക്ടിന്റെ എസ്റ്റിമേറ്റ് തുകയായ 2കോടി 79 ലക്ഷത്തിൽ 2കോടി 26 ലക്ഷം പദ്ധതിയുടെ നടത്തിപ്പിനായി വാട്ടർ അതോറിട്ടിക്ക് പഞ്ചായത്ത് കൈമാറിയിട്ട് ഒരു വർഷമായിട്ടും ടെൻഡർ നടപടികൾ ആരംഭിക്കാൻ വാട്ടർ അതോറിട്ടി തയാറാകുന്നില്ല. പഞ്ചായത്ത് പ്രസിഡന്റടക്കമുള്ള ജനപ്രതിനിധികൾ നിരന്തരം ആറ്റിങ്ങൽ എ.ഇയുടെ ഓഫീസിൽ കയറിയിറങ്ങിയിട്ടും നടപടി സ്വീകരിക്കാൻ തയാറാവാത്തതിനെത്തുടർന്നാണ് പഞ്ചായത്ത് അംഗങ്ങൾ ഉപരോധത്തിലേക്ക് കടന്നത്. കായലിനും കടലിനുമിടയിലുള്ള അഞ്ചുതെങ്ങ് മേഖലയിൽ അതിരൂക്ഷമായ കുടിവെള്ളക്ഷാമമാണ് ജനങ്ങൾ നേരിടുന്നത്. മാസത്തിൽ രണ്ടോ മൂന്നോ തവണ മാത്രമാണ് പൈപ്പിലൂടെ കുടിവെള്ളം ലഭിക്കുന്നത്. അതും കൃത്യമായി എല്ലാ പ്രദേശങ്ങളിലും എത്താറില്ല. ഈ വിഷയം പരിഹരിക്കുന്നതിനായാണ് പഞ്ചായത്ത് ഓഫീസിന് സമീപം പുതിയ ടാങ്ക് നിർമ്മിച്ചത്. കുടിവെള്ളം വരാത്ത സമയങ്ങളിൽ ടാങ്കിൽ നിന്നു കുടിവെള്ളം ജനങ്ങൾക്കെത്തിക്കുന്നതിനായാണ് പദ്ധതി തയാറാക്കിയത്. പദ്ധതിക്കാവശ്യമായ തുക ജില്ലാ,ബ്ലോക്ക്,പഞ്ചായത്തുകൾ സംയുക്തമായാണ് നൽകുന്നത്. പഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു,വൈസ് പ്രസിഡന്റ് ലിജാ ബോസ്,പഞ്ചായത്തംഗങ്ങളായ സജി സുന്ദർ,സോഫിയ എന്നിവരാണ് സമരത്തിന് നേതൃത്വം നൽകിയത്. സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.എസ്.ലെനിൻ, മുൻ മുൻസിപ്പൽ ചെയർമാൻ എം.പ്രദീപ്, ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ചന്ദ്രബോസ്, അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.പ്രവീൺ ചന്ദ്ര എന്നിവരുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട ഉന്നതാധികാരികളുമായി നടത്തിയ ചർച്ചയിൽ ആറാം തീയതി ടെൻഡർ നടപടികളാരംഭിക്കാമെന്ന രേഖാമൂലമുള്ള ഉറപ്പിനെത്തുടർന്ന് ജനപ്രതിനിധികൾ താത്കാലികമായി സമരമവസാനിപ്പിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാകമ്മിറ്റി അംഗം അനസ്, ഈസ്റ്റ് മേഖലാ സെക്രട്ടറി അഖിൽ,എസ്.എഫ്.ഐ ഏരിയ പ്രസിഡന്റ് അർജുൻ കല്ലിങ്കൽ തുടങ്ങിയവർ പങ്കെടുത്തു.