
കൊല്ലം: 'മോൾ നന്നായി കളിച്ചൂട്ടോ...' മകളുടെ ഓട്ടൻതുള്ളൽ കണ്ടില്ലെങ്കിലും വീട്ടിലിരുന്ന് കുമാരൻ ഫോണിലൂടെ പറഞ്ഞു. പശുക്കുട്ടിയെ നോക്കാൻ വീട്ടിൽ ആളില്ലാത്തതിനാൽ കൂലിപ്പണിക്കാരനായ കുമാരന് മകൾ കൃഷ്ണപ്രിയയുടെ നൃത്തം കാണാൻ എത്താനായില്ല. വീഡിയോ കാളിന് സ്മാർട്ട് ഫോണും ഇല്ല. അദ്ധ്യാപിക കലാമണ്ഡലം കവിതയാണ് നൃത്തത്തിനുള്ള ചെലവ് വഹിച്ചത്. തൃശൂർ വരന്തരപ്പിള്ളി സ്വദേശിയായ കൃഷ്ണപ്രിയയും ബേക്കറിയിലെ സെയിൽസ് സ്റ്റാഫ് അമ്മ ഓമനയും ട്രെയിൻ ടിക്കറ്റ് കിട്ടാത്തതിനാൽ ബസിലാണ് കൊല്ലത്ത് എത്തിയത്. സി.ജെ.എം എ.എച്ച്.എസിലെ പത്താം ക്ലാസുകാരിയാണ് കൃഷ്ണപ്രിയ. ഫലം വന്നപ്പോൾ എ ഗ്രേഡ് ലഭിച്ചു. പിന്നണിയിൽ വാദ്യോപകരണങ്ങൾ വായിച്ച
കലാമണ്ഡലം കലാകാരായ ആദർശും യദുകൃഷ്ണനും ഫീസ് വാങ്ങിയിട്ടില്ല. കൊവിഡ് കാലത്ത് കുറെ പശുക്കൾ ചത്തുപോയി. ഇതോടെ ഉപജീവനം മുടങ്ങി. ഭാവിയിൽ നർത്തകിയാകാനാണ് കൃഷ്ണ പ്രിയയ്ക്ക് മോഹം.