
തിരുവനന്തപുരം: സംശുദ്ധ രാഷ്ട്രീയത്തിന്റെയും കറ പുരളാത്ത കൈകളുടെയും ഉടമയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും ,അതുകൊണ്ടാണ് അദ്ദേഹത്തിലേക്ക് പലർക്കും എത്താനാവാത്തതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ . ബി.ജെ.പിയും കോൺഗ്രസും അദ്ദേഹത്തിലേക്ക് എത്താൻ ആഗ്രഹിക്കാഞ്ഞിട്ടല്ല. സൂര്യനെപ്പോലെ എത്താനാവാത്തത്ര ദൂരത്തിലാണ് മുഖ്യമന്ത്രി. അടുത്തു ചെന്നാൽ കരിഞ്ഞു പോകുമെന്നും വാർത്താസമ്മേളനത്തിൽ ഗോവിന്ദൻ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് എന്തെല്ലാം ആരോപണങ്ങളുമായി വന്നു . എന്നിട്ട് അദ്ദേഹത്തെ തൊടാനായോ?.വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിന്റെ ഉത്തരവാദിത്തം കേന്ദ്രത്തിനാണെന്ന്, പ്രധാനമന്ത്രിയുടെ തൃശൂരിലെ പരാമർശത്തിന് മറുപടിയായി ഗോവിന്ദൻ പറഞ്ഞു. വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചാണ് സ്വർണ്ണക്കടത്ത് നടക്കുന്നത്. അത് കൈകാര്യം ചെയ്യേണ്ടത് സംസ്ഥാനമല്ല, കേന്ദ്ര ഏജൻസികളാണ്. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ വിദേശത്തു നിന്ന് കൊണ്ടുവന്ന് കേസിന്റെ നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. കേരള പൊലീസല്ല പ്രതികളെ പിടിക്കേണ്ടത്. ഇതെല്ലാം മറച്ചു വച്ച് ആൾക്കാരെ പറ്റിക്കാൻ പൈങ്കിളി വർത്തമാനം പറയുകയാണ് ഇപ്പോൾ. നയതന്ത്ര ബാഗേജിലാണ് സ്വർണ്ണം എത്തിയത്. എന്നാൽ അങ്ങനെയല്ലെന്നാണ് കേന്ദ്ര മന്ത്രി വി.മുരളീധരൻ പറയുന്നത്. രാജ്യത്തിന്റെ സുരക്ഷ അപകടത്തിലായാലും വിഷയമല്ലെന്നതാണ് ബി.ജെ.പി നിലപാട്.
ലോക് സഭാതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാമക്ഷേത്രത്തെ രാഷ്ട്രീയ ആയുധമാക്കാനാണ് നീക്കം. വ്യക്തികൾക്ക് മതപരമായ വിശ്വാസത്തിനും ആചാരത്തിനും അവകാശമുണ്ട്. പക്ഷേ, ഭരണകൂടം ആചാരങ്ങളുടെ ഭാഗമാവരുത്. രാമക്ഷേത്ര ചടങ്ങിൽ പങ്കെടുക്കില്ലെന്ന് സി.പി.എം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കോൺഗ്രസിന് വ്യക്തമായ നിലപാടില്ല. വർഗ്ഗീയതയെ ചെറുക്കാൻ മതനിരേപക്ഷ നിലപാടിൽ ഇന്ത്യ മുന്നണി മുന്നോട്ടു പോകണം. രാജ്യത്ത് പല ഭാഗത്തും സ്ത്രീത്വത്തിന് നേരെ വ്യാപകമായ ആക്രമണം നടക്കുമ്പോഴാണ് പ്രധാനമന്ത്രി തൃശൂരിൽ സ്ത്രീ സുരക്ഷയെക്കുറിച്ച് പറഞ്ഞത്. സ്ത്രീ ശാക്തീകരണത്തിന്റെ പ്രധാന കേന്ദ്രമാണ് കേരളം. കുടുംബശ്രീയിൽ 45 ലക്ഷത്തോളം വനിതകളാണുള്ളത്
തൃശൂർ ലോക് സഭാ സീറ്റിൽ ബി.ജെ.പിക്ക് തൊടാനാവില്ല. ഒരു സീറ്റും കേരളത്തിൽ ബി.ജെ.പിക്ക് കിട്ടാൻ പോകുന്നില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 30 ലധികം സീറ്റുകൾ നേടുമെന്ന് പറഞ്ഞിട്ടെന്തായി?. ഒരിക്കൽ കൂടി ബി.ജെ.പി അധികാരത്തിൽ വന്നാലുണ്ടാകാവുന്ന അപകടത്തെക്കുറിച്ചാണ് സി.പി.എം പറയുന്നതെന്നും ഗോവിന്ദൻ വ്യക്തമാക്കി.