തിരുവനന്തപുരം: സ്‌മാർട്ട് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി നഗരത്തിലെ റോഡുകളടച്ച് ജോലികൾ ചെയ്യുന്നതിനാൽ നെട്ടോട്ടമോടി ജനം. ബദൽ മാർഗമൊരുക്കാതെയുള്ള ട്രാഫിക്ക് നിയന്ത്രണം മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണ് സൃഷ്ടിക്കുന്നത്.
വഴുതക്കാട്,ബേക്കറി,സ്റ്റാച്യു,പാളയം,വഞ്ചിയൂർ,പുളിമൂട് ഭാഗങ്ങളിൽ റോഡ് അടച്ചതോടെ ഗതാഗതക്കുരുക്ക്
പതിവാകുകയാണ്. സ്‌മാർട്ട്സിറ്റി പദ്ധതിക്ക് കീഴിൽ കെ.ആർ.എഫ്.ബിയുടെ നിർമ്മാണച്ചുമതലയുള്ള 38 നഗര റോഡുകൾ സ്‌മാർട്ടാക്കുന്ന ജോലികൾ മാർച്ചോടെ മാത്രമേ പൂർത്തിയാകൂവെന്നാണ് അധികൃതർ പറയുന്നത്. വെള്ളയമ്പലം-വഴുതയ്ക്കാട് റോഡിന്റെ ഒരുവശം അടച്ചാണ് ജോലികൾ ചെയ്യുന്നത്.
മറ്ര് വശത്തുകൂടി ഇരുവശത്തേക്കുമുള്ള വാഹനം കടത്തിവിടുന്നതാണ് പ്രശ്‌നം. റോഡിൽ ഓട നിർമ്മാണവും മാൻഹോൾ നിർമ്മാണവും തുടങ്ങിയതോടെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്. ഇടറോഡുകളിൽ ജോലികൾ നടക്കുന്നതിനാൽ വാഹനങ്ങൾക്ക് അതുവഴിയും പോകാനാകില്ല. നിരവധി സർക്കാർ ഓഫീസുകളും മറ്റ് സ്ഥാപനങ്ങളുമുള്ള വഴുതക്കാട്,തൈയ്ക്കാട്,പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് ഭാഗങ്ങളിൽ രാവിലെ മുതൽ തന്നെ വൻ ഗതാഗതക്കുരുക്കാണ്. പൊലീസുകാർ ഏറെ പണിപ്പെട്ട് മണിക്കൂറുകളെടുത്താണ് കുരുക്ക് നിയന്ത്രണ വിധേയമാക്കുന്നത്.
അശാസ്ത്രീയമായ ട്രാഫിക്ക് പരിഷ്‌കരണമാണ് ഗതാഗതക്കുരുക്കിന് കാരണമെന്നാണ് ആക്ഷേപം. മാർച്ചോടെ എല്ലാ ജോലികളും പൂർത്തിയാക്കണമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർമ്മാണ ചുമതലയുള്ള കെ.എർ.എഫ്.ബിക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതനുസരിച്ച് ആഴ്ച തോറും അവലോകന യോഗവും നടത്തും.
ഇവിടങ്ങളിൽ പെട്ടുപോകും
സ്‌മാർട്ട് റോഡ് നിർമ്മാണത്തിനു വേണ്ടി സ്റ്റാച്യു-ജനറൽ ആശുപത്രി റോഡ് പൊളിച്ചിട്ടിരിക്കുന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുകയാണ്. സ്റ്റാച്യുവിൽ ബസിറങ്ങി ജനറൽ ആശുപത്രി,വഞ്ചിയൂർ ഭാഗത്തേക്ക് പോകാനെത്തുന്നവർ ഓട്ടോയിലും ഇരുചക്രവാഹനങ്ങളിലുമായി ഇതുവഴിയാണ് പോകുന്നത്. ഈ റോഡ് കൂടാതെ വഞ്ചിയൂർ,നോർക്ക ഗാന്ധിഭവൻ,ബേക്കറി ഫോറസ്റ്റ് ഓഫീസ് ജംഗ്ഷൻ,മോഡൽ സ്‌കൂൾ-തൈക്കാട്,സ്‌പെൻസർ-എ.കെ.ജി,ഓവർബ്രിഡ്ജ്-ഉപ്പിടാംമൂട്,കിള്ളിപ്പാലം അട്ടക്കുളങ്ങര റോഡ് എന്നീ റോഡുകളും സ്‌മാർട്ട് റോഡുകളിൽ ഉൾപ്പെടുന്നവയാണ്. ഇവിടങ്ങളിലും ജോലികൾക്കായി റോഡ് അടച്ചിട്ടിരിക്കുകയാണ്.