blood

തിരുവനന്തപുരം: ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,​000 രൂപയ്ക്ക് വരെ വിൽക്കുന്ന സ്വകാര്യ രക്ത ബാങ്കുകൾക്കും ആശുപത്രികൾക്കും കേന്ദ്രം പൂട്ടിട്ടു. പ്രോസസിംഗ് ഫീസായി 250 മുതൽ പരമാവധി 1550 രൂപ വരെ മാത്രമേ ഇനി വാങ്ങാനാകൂ. ഡ്രഗ്സ് കൺടോൾ ജനറൽ ഒഫ് ഇന്ത്യയുടേതാണ് ഉത്തരവ്.

പതിവായി രക്തം മാറ്റിവയ്ക്കുന്ന തലാസീമിയ, അരിവാൾ രോഗികളും സർജറിക്ക് വിധേയമാകുന്നവർക്കും വലിയ ആശ്വാസമാണീ നടപടി.

പാക്ക് ചെയ്ത ചുവന്ന രക്താണുക്കളാണ് വിൽക്കുന്നതെങ്കിൽ 1550 രൂപ ഈടാക്കാം. പ്ലാസ്മയ്ക്കും പ്ലേറ്റ്‌ലെറ്റിനും ഒരു പായ്ക്കറ്റിന് 250- 400 രൂപയേ വാങ്ങാവൂ. അമിത വില ഈടാക്കുന്നില്ലെന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോളർ ഉറപ്പാക്കണം. പരാതികൾ അന്വേഷിച്ച് നടപടിയെടുക്കണം.

രക്തത്തെ കച്ചവടച്ചരക്കായി കാണരുതെന്ന് കഴിഞ്ഞ വർഷം നിർദ്ദേശം നൽകിയെങ്കിലും ഫലം കാണാത്ത സാഹചര്യത്തിലാണ് വില നിശ്ചയിച്ചത്. സ്വകാര്യ സ്ഥാപനങ്ങൾ കോമൺ ഗ്രൂപ്പിന് 2000 രൂപ മുതൽ 6000രൂപ വരെ ഈടാക്കുന്നുണ്ട്. അപൂർവ രക്തഗ്രൂപ്പാണെങ്കിൽ 10,000 രൂപ വരെ വാങ്ങും. പ്രോസസിംഗ് ഫീസ് വേറെയും.

 വർഷം ആറ് ലക്ഷം യൂണിറ്റ്

കേരളത്തിൽ വർഷം ശരാശരി ആറ് ലക്ഷം യൂണിറ്റ് രക്തമാണ് ആവശ്യം. തിരുവനന്തപുരത്ത് ഒരു ദിവസം 600-700 യൂണിറ്റ് രക്തം വേണം.

ദാതാക്കൾ കുറഞ്ഞു; കൊള്ള കൂടി

സംസ്ഥാനത്ത് കൊവി‌ഡിന് ശേഷം രക്തദാതാക്കളുടെ എണ്ണത്തിൽ വൻ കുറവ്

 സ്വകാര്യ ലോബികൾക്ക് തോന്നുപോലെ വില ഈടാക്കാൻ ഇത് അവസരമായി

 ആരോഗ്യമുള്ള ഏതൊരാൾക്കും 65 വയസുവരെ രക്തം നൽകാം

 പുരുഷന് 3 മാസത്തിലൊരിക്കലും സ്ത്രീക്ക് 4 മാസത്തിലൊരിക്കലും രക്തം നൽകാം
 ദാനം ചെയ്യുന്ന 350 മില്ലി രക്തം 48 മണിക്കൂറിനുള്ളിൽ ശരീരത്തിൽ തിരിച്ചെത്തും

കൊള്ളലാഭം ഈടാക്കി രക്തത്തെ കച്ചവടം ചെയ്യുന്ന രീതി അവസാനിക്കണം. രക്തത്തിലും ലാഭം കാണുന്ന പ്രവണത ശരിയല്ല

-കെ.പി. രാജഗോപാലൻ

പ്രസിഡന്റ്, ഫെഡറേഷൻ ഒഫ് ഇന്ത്യൻ ബ്ലഡ് ഡോണേഴ്സ് ഓർഗനൈസേഷൻ