
തിരുവനന്തപുരം: ശബരിമല യാത്രയ്‌ക്കിടെ അഴുത പുതുശ്ശേരി വനത്തിൽ കാണാതായ തീർത്ഥാടകനെ കണ്ടെത്താനായില്ല. കണ്ണമ്മൂല ചെന്നിലോട് അറപ്പുര ലെയ്നിൽ തൊടിയിൽ വീട്ടിൽ അനിൽകുമാറിനെയാണ് (42) ഒന്നിന് പുലർച്ചെ കാണാതായത്.
ഡിസംബർ 30ന് രാത്രി ഒമ്പതിനാണ് അനിൽകുമാറുൾപ്പെട്ട ആറംഗ സംഘം അറപ്പുര തിട്ടമംഗലം ഭഗവതി ക്ഷേത്രത്തിൽ കേട്ടുനിറച്ച് എരുമേലി വഴി കെ.എസ്.ആർ.ടി.സി ബസിൽ ശബരിമലയ്ക്ക് പുറപ്പെട്ടത്.
യാത്രയ്ക്കിടെ പുതുശ്ശേരി വനത്തിലെ ഇടത്താവളത്തിൽ ഞായറാഴ്‌ച വൈകിട്ടാണ് സംഘമെത്തിയത്. തിങ്കളാഴ്ച ആറിന് ഒപ്പമുണ്ടായിരുന്നവർ തുടർയാത്രയ്ക്ക് ഒരുങ്ങുമ്പോഴാണ് അനിൽകുമാറിനെ കാണാനില്ലെന്നറിഞ്ഞത്. തുടർന്ന് സമീപത്ത് തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. അനിൽകുമാർ പുലർച്ചെ നാല് വരെ സംഘത്തിനൊപ്പമുണ്ടായിരുന്നു. കൂടെയുണ്ടായിരുന്നവർ ഉറങ്ങിയ സമയത്താണ് കാണാതായതെന്നാണ് വിവരം.
തുടർന്ന് വനംവകുപ്പ് ഓഫീസിലും പമ്പയിലെ പൊലീസ് കൺട്രോൾറൂമിലും വിവരം നൽകിയെങ്കിലും അന്വേഷണം വൈകി. അനിൽകുമാറിനെ കണ്ടെത്തിയാൽ അറിയിക്കാമെന്നാണ് പൊലീസ്, വനം വകുപ്പ് അധികൃതർ ഒപ്പമുണ്ടായിരുന്നവരോട് പറഞ്ഞത്.
ഓട്ടോറിക്ഷാ ഡ്രൈവറായ അനിൽകുമാർ മുൻപും എരുമേലിയിലൂടെ ശബരിമലയ്ക്ക് പോയിട്ടുണ്ട്. അവിവാഹിതനായ അനിൽകുമാർ അമ്മയോടൊപ്പമാണ് കഴിഞ്ഞിരുന്നത്. കാണാതായ സമയത്ത് തന്നെ വനംവകുപ്പ് അധികൃതർ തെരച്ചിൽ നടത്തിയെങ്കിൽ കണ്ടെത്താനാകുമെന്ന് ബന്ധുക്കൾ പറയുന്നത്.