1

വിഴിഞ്ഞം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതി മേയ് 31ന് ട്രയൽ റൺ നടത്തുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. തുറമുഖത്തിന്റെ ഔദ്യോഗിക കമ്മിഷനിംഗ് ഡിസംബറിൽ നടക്കും.​ സർക്കാരും അദാനി ഗ്രൂപ്പും തമ്മിലുള്ള ആർബിട്രേഷൻ കേസ് വൈകാതെ ഒത്തുതീർപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. തുറമുഖ വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ശേഷം ഇന്നലെ ആദ്യമായി വിഴിഞ്ഞം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആർബിട്രേഷൻ ഒത്തുതീർത്താൽ മാത്രമേ കേന്ദ്രത്തിന്റെ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ലഭിക്കുകയുള്ളൂ. ഇതിനായി സമിതി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫണ്ടില്ലെന്ന പേരിൽ വിഴിഞ്ഞം പോലുള്ള വലിയ വികസന പദ്ധതികൾ മുടങ്ങില്ല. അത്തരം സാഹചര്യമുണ്ടായാൽ സഹകരണ മേഖലയിൽ നിന്നുള്ള സാമ്പത്തിക സഹായം ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ആദ്യഘട്ട പുലിമുട്ട് നിർമ്മാണം ഈ മാസം 31ന് പൂർത്തീകരിക്കും. തുറമുഖ റോഡും ദേശീയ പാതയുമായുള്ള കണക്ടിവിറ്റിക്ക് ആവശ്യമുള്ള 42 സെന്റ് ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. റെയിൽപാത നിർമ്മാണം സംബന്ധിച്ചും നടപടികൾ നടക്കുന്നു. ചുറ്റുമതിൽ ഉൾപ്പെടെയുള്ള ചെറിയ വിഷയങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തുറമുഖ സെക്രട്ടറി ശ്രീനിവാസ്,വിസിൽ എം.ഡി ഡോ.ദിവ്യ എസ്.അയ്യർ,അദാനി വിഴിഞ്ഞം തുറമുഖ കമ്പനി സി.ഇ.ഒ രാജേഷ് ഝാ,കോർപ്പറേറ്റ് അഫയേഴ്സ് മേധാവി സുശീൽ നായർ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഇന്നലെ രണ്ടര മണിക്കൂറിലേറെ തുറമുഖത്ത് ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.