teachers

തിരുവനന്തപുരം: പരീക്ഷക്കാലം അടുത്തപ്പോൾ ഗവൺമെന്റ് ഹയർ സെക്കൻഡറി അദ്ധ്യാപകരെ സ്ഥലം മാറ്റാൻ നീക്കം. 2000 ത്തിലധികം അദ്ധ്യാപകർക്കാണ് മാറ്റം.

കുട്ടികളുടെ പരീക്ഷാ തയ്യാറെടുപ്പുകളെ ദോഷമായി ബാധിക്കുമെന്ന ആശങ്കയിൽ രക്ഷിതാക്കൾ.

അദ്ധ്യയനവർഷത്തിന്റെ തുടക്കത്തിൽ നടക്കേണ്ട സ്ഥലം മാറ്റമാണ് ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് വർഷാവസാനം നടത്താൻ പോകുന്നത്. പ്ളസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ 22 ന് ആരംഭിക്കുകയാണ്. പ്ളസ് വൺ ക്ളാസുകൾ അവസാന ഘട്ടത്തിലുമാണ്. കഴിഞ്ഞ മേയ് 31 നകം പൊതുസ്ഥലംമാറ്റം നടത്തേണ്ടതായിരുന്നു. പക്ഷേ, അപേക്ഷ ക്ഷണിച്ചതുതന്നെ ഒക്ടോബർ 25 നാണ്. കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് ഡിസംബർ 17 നും. ജനുവരി 12 നകം അന്തിമലിസ്റ്റ് വരുമെന്നറിയുന്നു.

ലിസ്റ്റിനെക്കുറിച്ച് അദ്ധ്യാപകർക്കും പരാതികളുണ്ട്. ഔട്ട് സ്റ്റേഷൻ സർവീസ് (സ്വന്തം ജില്ലയ്ക്ക് പുറത്തുള്ള സർവീസ് )​ കണക്കാക്കിയതിലെ പിഴവാണ്‌‌‌‌ ഒന്ന്. തിരുവനന്തപുരം ജില്ലക്കാരൻ വിദൂരജില്ലയിലും മലയോരമേഖലകളിലും (ഇടുക്കി,​ വയനാട്, കാസർകോട്,പാലക്കാടിന്റെ ചില ഭാഗങ്ങൾ​)​ ഒരുവർഷമായി ജോലി ചെയ്യുകയാണെങ്കിൽ സേവനം ഒന്നരവർഷമായി കണക്കാക്കണമെന്നാണ് മാനദണ്‌‌ഡം. ഇത് പാലിച്ചിട്ടില്ല. അർഹരായവർക്ക് മാതൃജില്ലയിലേക്ക് വരാനുള്ള അവസരം നഷ്ടമായി. പത്ത് വർഷത്തിലധികമായി വിദൂരജില്ലകളിലും മലയോരമേഖലകളിലും ജോലിചെയ്യുന്നവരുണ്ട്. ഇവരിലധികവും സ്ത്രീകളുമാണ്.

ഗുരുതരരോഗമുള്ളവരും അവയവമാറ്റത്തിന് വിധേയരായവരുമായ അദ്ധ്യാപകർക്കുള്ള അനുകമ്പാർഹ സ്ഥലമാറ്റത്തിലാണ് മറ്റൊരു പിഴവ്. ഒരു ജില്ലയിലെ ഓരോ വിഷയത്തിന്റെയും ഒഴിവിന്റെ 10 ശതമാനം അനുകമ്പാർഹ സ്ഥലമാറ്റമായിരിക്കണം. പുതിയ ലിസ്റ്റിൽ ഗുരുതര രോഗമുള്ളവർക്ക്പോലും വിദൂരജില്ലകളിലേക്കാണ് മാറ്റം. മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടും അവഗണിച്ചു.

പുതിയ നോട്ടിഫിക്കേഷൻ

പരിഹാരം

വരുന്ന മാർച്ച് മുതൽ മേയ് വരെയുള്ള റിട്ടയർമെന്റ് ഒഴിവുകളും അഞ്ച് വർഷം പൂർത്തിയാക്കിയ അദ്ധ്യാപകരുടെ ഓപ്പൺ വേക്കൻസികളും കൂടി പരിഗണിച്ച് പുതിയ ട്രാൻസ്‌ഫർ നോട്ടിഫിക്കേഷൻ വിളിക്കുന്നതിലൂടെ പ്രതിസന്ധി പരിഹരിക്കാമെന്നാണ് അദ്ധ്യാപകരുടെ അഭിപ്രായം.