
 നടപടി കേരളകൗമുദി വാർത്തയെ തുടർന്ന്
തിരുവനന്തപുരം : ആന്റിബയോട്ടിക്ക് മരുന്നുകളുടെ ദുരുപയോഗം തടയാൻ ഓപ്പറേഷൻ അമൃത് എന്ന പേരിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം പരിശോധന ആരംഭിക്കുന്നു. ഡ്രഗ്സ് കൺട്രോളർ നിയോഗിക്കുന്ന പ്രത്യേക സ്‌ക്വാഡും പങ്കെടുക്കും
'ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കുന്നതല്ല' എന്ന പോസ്റ്റർ മെഡിക്കൽ സ്റ്റോറുകൾ പ്രദർശിപ്പിക്കണം.
കുറിപ്പടിയില്ലാതെ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും വിവരം നൽകാം. പ്രതിവർഷം 56 കോടി രൂപയുടെ ആന്റിബയോട്ടിക്ക് വില്പന നടക്കുന്ന കേരളത്തിൽ, അവയുടെ ദുരുപയോഗം തടയാനുള്ള നടപടികൾ കടലാസിലൊതുങ്ങിയിരുന്നു. ഇക്കാര്യം നവംബർ 27ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. മരുന്ന് ലോബിയ്ക്ക് സർക്കാർ ഒത്താശ ചെയ്യുന്നതായി അക്ഷേപം ഉയരുകയും ചെയ്തു. പിന്നാലെയാണ് ആരോഗ്യവകുപ്പ് ഓപ്പറേഷൻ അമൃതുമായി രംഗത്തിറങ്ങിയത്.
മെഡിക്കൽ സ്റ്റോറുകൾ ഇവ വിൽക്കുന്നതിന്റെ വിവരങ്ങൾ കൃത്യമായി സൂക്ഷിക്കണം. സ്ഥിരമായി ആന്റിബയോട്ടിക്ക് കഴിക്കുന്നത് രോഗപ്രതിരോധശേഷി നഷ്ടപ്പെടുത്തും.
2050ൽ ലോകത്ത് ഒരു കോടി ആളുകൾ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് കൊണ്ട് മരിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിഗമനം.
ഡോക്ടറുടെ കുറിപ്പടിയില്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം 2024ൽ പൂർണമായും നിറുത്തലാക്കാനുള്ള പ്രയത്നത്തിലാണ് ആരോഗ്യ വകുപ്പ്. ഓരോ വ്യക്തിയും സ്വന്തം ആരോഗ്യവും കുടുംബത്തിന്റെ ആരോഗ്യവും മുൻനിർത്തി അനാവശ്യമായി ആന്റിബയോട്ടിക്കുകൾ കഴിക്കുന്നത് ഒഴിവാക്കണം.
-വീണാ ജോർജ്
ആരോഗ്യമന്ത്രി