
കൊല്ലത്ത് കലോത്സവം കസറുമ്പോൾ ഓർമ്മകളിലേയ്ക്കു പോവുകയാണ് മന്ത്രി വീണാ ജോർജ്.
1992ൽ തിരൂരിൽ നടന്ന കലോത്സവത്തിലെ മോണോആക്ടിലെ ഒന്നാം സമ്മാനക്കാരിയായിരുന്നു വീണാ ജോർജ്. അന്ന് മൈലപ്ര മാമുണ്ട ബഥനി ഇംഗ്ലീഷ് ഹൈസ്‌കൂളിലെ പത്താം വിദ്യാർത്ഥിനിയായിരുന്നു. പേര് വീണാ കുര്യാക്കോസ്. 32ാം സ്‌കൂൾ യുവജനോത്സവത്തിന്റെ മികവുള്ള കണ്ടുപിടുത്തങ്ങളിലൊന്നായാണ് മാദ്ധ്യമങ്ങൾ അന്ന് വീണയെ വിശേഷിപ്പിച്ചത്. അതിനു മുമ്പ് കാസർകോട് നടന്ന കലോത്സവത്തിൽ മോണോആക്ടിന് രണ്ടാം സ്ഥാനമായിരുന്നു വീണയ്ക്ക്.
കൗരവസഭയിൽ അകപ്പെട്ടുപോയ പാഞ്ചാലിയുടെ ഭാവപ്രകടനങ്ങളാണ് തിരൂരിലെ കലോത്സവത്തിൽ വീണയെ ഒന്നാം സമ്മാനക്കാരിയാക്കിയത്. അന്ന് ഒരു പത്രത്തിൽ വന്ന വാർത്തിയിൽ ഇങ്ങനെ വിവരിക്കുന്നു ''ദ്രൗപതിയുടെ നിസ്സഹായതയും ക്ഷോഭവും ദുശ്ശാസനന്റെ ധാർഷ്ട്യവും കർണന്റെ ക്രൂരമായ പരിഹാസവും ഭീഷ്മരുടെ ദയനീയമായ നിസ്സഹായതയും വീണ വാക്കുകളിലും ഭാവങ്ങളിലും ചലനങ്ങളിലും അനായാസം സാമർത്ഥ്യപൂർവം പ്രതിഫലിപ്പിച്ചു.''
അന്ന് പത്രത്തിൽ വന്ന ചിത്രം ഇന്നലെ ജി.സ്റ്റീഫൻ എം.എൽ.എ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു.
പാട്ട് പാടി പ്രതിഷേധം, പാടുപെട്ട് പൊലീസ്
പ്രതിഷേധം പാട്ടായി മാറുന്ന കാഴ്ച. നാടൻപാട്ട് വേദിയായിരുന്നു രംഗം.
വേദിയിൽ നാടൻപാട്ട് അവതരിപ്പിക്കുന്നതിനുള്ള സൗകര്യമില്ലെന്നും സൗണ്ട് സിസ്റ്റത്തിൽ അപാകതയുണ്ടെന്നും ആരോപിച്ചാണ് നാടൻപാട്ട് പരിശീലകരായ കലാകാരന്മാൽ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധക്കാരെ ഒതുക്കാൻ പൊലീസ് എത്തിയത് അവർക്ക് ഇഷ്ടമായില്ല. മത്സരം ആരംഭിക്കുകയും ചെയ്തു. വേദിയിൽ പാട്ട് പ്രതിഷേധക്കാരും പാട്ടും. പാട് പെട്ട് പൊലീസ് അവരെ ശാന്തരാക്കി.
വിഷയം ശ്രദ്ധയിൽപെട്ടപ്പോൾ മന്ത്രി വി.ശിവൻകുട്ടിയുടെ പ്രതികരണം ഇങ്ങനെ
മൈക്കല്ലേ, എപ്പോഴാണ് ശബ്ദം കൂടുകയെന്നോ കുറയുകയെന്നോ പറയാനാകില്ല. വലിയ പ്രശ്നമൊന്നുമല്ല. സംഘാടക സമിതിയിൽ അല്ലാത്ത കുറച്ചു പേർ വന്ന് നടത്തിപ്പുകാരായി മാറുന്നതാണ് പ്രശ്നം.