വൈകിട്ട് 4ന് ഭ്രമണപഥ പ്രവേശം
തിരുവനന്തപുരം:സൂര്യനിരീക്ഷണ പേടകമായ ആദിത്യ എൽ.1ന് ഇന്ന് ലക്ഷ്യമായ ലെഗ്രാഞ്ച് പോയിന്റിൽ എത്തും. വൈകിട്ട് നാലിനാണ് നിർണായക ഭ്രമണപഥം മാറ്റം നിർവ്വഹിക്കുക. ലോകത്തിന്റെ മുഴുവൻ സഹകരണത്തോടെയാണ് ഐ.എസ്.ആർ.ഒ.ബാംഗ്ളൂരിലെ ടെലിമെട്രി കേന്ദ്രത്തിൽ നിന്ന് ഇത് നിർവ്വഹിക്കുക.
രണ്ടുഘട്ടങ്ങളാണിതിനുള്ളത്. ലെഗ്രാഞ്ച് പോയിന്റിലേക്ക് പ്രവേശിക്കുന്നതാണ് ഒന്ന്. രണ്ടാമത്തേത് അവിടെ ഭ്രമണപഥം സ്ഥാപിക്കുന്നതും. സൂര്യന്റേയും ഭൂമിയുടേയും ആകർഷണവലയത്തിൽ പെടാതെ ഭ്രമണപഥം ക്രമപ്പെടുത്തുക ശ്രമകരമായ ജോലിയാണ്. അതോടൊപ്പം ലെഗ്രാഞ്ച് പോയന്റിൽ നിലവിൽ നാസയുടെ "വിൻഡ് എ.സി.ഇ" തുടങ്ങിയ സൂര്യനിരീക്ഷണ പേടകങ്ങളും നാസയുമായി സഹകരിച്ച് യൂറോപ്യൻ സ്പെയ്സ് ഏജൻസി അയച്ച എസ്.ഒ.എച്ച്.ഒ.പേടകവും അവിടെ നിലവിലുണ്ട്. ഇതിൽ എസ്.ഒ.എച്ച്.ഒ.പേടകം നിയന്ത്രണം നഷ്ടപ്പെട്ട് കറങ്ങിനടക്കുന്നതാണ്. ഇതുമായി ഇന്ത്യയുടെ ആദിത്യ എൽ.1 പേടകം കൂട്ടിയിടിക്കാതെ നോക്കണം. ഇതിനായി നാസയുടേയും യൂറോപ്യൻ സ്പെയ്സ് ഏജൻസിയുടേയും സഹകരണം ഐ.എസ്.ആർ.ഒ. തേടിയിട്ടുണ്ട്.
ലെഗ്രാഞ്ച് പോയിന്റിൽ രണ്ട് ലക്ഷം കിലോമീറ്റർ തിരിശ്ചീനമായും 7 ലക്ഷം കിലോമീറ്റർ ലംബമായും ഒരു ലക്ഷം കിലോമീറ്റർ ഉയരത്തിലുമുള്ള ത്രിമാന ദീർഘവൃത്ത ഭ്രമണപഥമാണ് ആദിത്യ് നിശ്ചയിച്ചിരിക്കുന്നത്. ഇൗ ഭ്രമണപഥത്തിൽ ഒരുതവണ ചുറ്റാൻ 177.86 ദിവസം വേണം. ഐ.എസ്.ആർ.ഒ. സ്വന്തമായി വികസിപ്പിച്ച് നാസയുടെ സഹായത്തോടെ ഇതിന്റെ കൃത്യത ഉറപ്പാക്കിയിട്ടുണ്ട്.
ആദിത്യയെ ലക്ഷ്യത്തിൽ കൃത്യമായി എത്തിക്കാൻ മംഗൾയാനിൽ ഉപയോഗിച്ചത് പോലുളള 440 ന്യൂട്ടൺ ലിക്വിഡ് അപ്പോജി മോട്ടോറും 22 ന്യൂട്ടൺ വീതം ശേഷിയുള്ള എട്ട് ത്രസ്റ്ററുകളും 10 ന്യൂട്ടൺ വീതം ശേഷിയുള്ള നാല് ചെറു ത്രസ്റ്ററുകളും ഉണ്ട്. ഇത് അവശ്യഘട്ടങ്ങളിൽ ജ്വലിപ്പിച്ചാണ് ലക്ഷ്യം കൈവരിക്കുക.